ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പത്തൊന്‍പതാം പതിപ്പിന് തുടക്കമാകാന്‍ ഇനി 27 ദിവസം കൂടി മാത്രം. അഞ്ചുവട്ടം കിരീടമുയര്‍ത്തിയ നൈജീരിയയാണ് ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സംഘമെങ്കിലും ഇത്തവണ യോഗ്യത നേടാന്‍ പോലും അവര്‍ക്കായില്ല. മൂന്ന് തവണ ജേതാക്കളായ ബ്രസീലും രണ്ടുതവണ വീതം വിജയിച്ച മെക്സിക്കോയും ഘാനയുമാണ് ഇന്ത്യന്‍ ലോകകപ്പിലെ വമ്പന്മാര്.
ഇന്ത്യയുടെ വലിയ നഷ്ടമാണ് നൈജീരിയ. അണ്ടര്‍ 17ലെ ആഫ്രിക്കന്‍ കരുത്തിന് നമ്മുടെ നാട്ടിലേക്ക് ടിക്കറ്റില്ല. 1985ലെ ആദ്യ ടൂര്‍ണമെന്റിലെ ജേതാക്കള്‍. 87ല്‍ കിരീടം നിലനിര്‍ത്തിയവര്‍. 93ലെ വിശ്വവിജയത്തിന് ശേഷം 2013ലും 2015ലും ലോകകപ്പുയര്‍ത്തി നിലവിലെ ചാംപ്യന്‍പട്ടം അണിയുന്നവര്‍. ശരിക്കും സീനിയര്‍ ലോകകപ്പിലെ ബ്രസീലാണ് കൗമാരപ്പോരിലെ നൈജീരിയ. ജ്യേഷ്ഠന്മാര്ക്കൊപ്പമെത്താന് മല്‍സരിക്കുന്ന കാനറിക്കുട്ടികള് 1997ലും 99ലും 2003ലും കിരിടം മാറക്കാനയിലെത്തിച്ചു.
1991, 95 വര്‍ഷങ്ങളില്‍ ഘാനയും 2005ലും 2011ലും മെക്സിക്കൊയും കിരീടമുയര്‍ത്തി . നൈജീരിയ ഒഴികെയുള്ള മുമ്പന്മാരെല്ലാം ഇന്ത്യയിലേക്കുണ്ട്. മൂന്ന് റണ്ണറപ്പ് കിരീടങ്ങളും രണ്ട് മൂന്നാംസ്ഥാനങ്ങളും സ്വന്തമായുള്ള സ്പെയിനും രംഗത്തുണ്ട്.