സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് 100 മീറ്റര്‍ ട്രാക്കില്‍ നിരാശയോടെ മടക്കം. കരിയറില്‍ അവസാന 100 മീറ്റര്‍ പോരാട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതാദ്യമായാണ് ബോള്‍ട്ട് ലോക ചാംപ്യന്‍ഷിപ്പില്‍ തോല്‍വിയറിയുന്നത്. അമരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനും ക്രിസ്റ്റ്യന്‍ കോള്‍മാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്.
പിരിമുറുക്കത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ കണ്ട ഉസൈന്‍ ബോള്‍ട്ടിന്റെ മുഖത്ത്. എന്നും ജയം മാത്രം സ്വന്തമാക്കാന്‍ കെട്ടുകഥകളിലെ നായകനല്ലല്ലോ ബോള്‍ട്ട്. സ്റ്റേഡിയത്തെ നിശബ്ദമാക്കിയ ജസ്റ്റിന് ഗാറ്റ്ലിന് തന്നെ ആ വീരപുരുഷന് ആദ്യ ആദരം നല്കി.
മൂന്നാമനാണെന്ന തിരിച്ചറിവിലും ലണ്ടന്‍ ഇതിഹാസത്തിന്റെ പേര് ഉരുവിട്ടുകൊണ്ടിരുന്നു. സീസണിലെ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയം, 9.95 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ഒളിംപിക്സ് നേട്ടത്തിന്റെ സ്മരണകള്‍ നിറഞ്ഞ സ്റ്റേഡിയത്തെ വലംവച്ച് ബോള്‍ട്ട് ലോകത്തോട് നന്ദി പറഞ്ഞു, ചേര്‍ത്തു നിര്‍ത്തി സെല്‍ഫിയെടുത്തു. ഏറ്റവും ഒടുവിലായി ആ ചേഷ്ടയും. ലോകം കണ്ടാനന്ദിച്ചിട്ടുള്ള ബോള്‍ട്ടിന്റെ മാസ്റ്റര്‍പീസ്.