വിവാദങ്ങളില്‍ നിന്ന് പാഠംഉള്ക്കൊള്ളാന് കഴിഞ്ഞത് ക്രിക്കറ്റിലും ജീവിതത്തിലും നേട്ടമായെന്ന് സഞ്ജു വി.സാംസണ്. ഐപിഎല്ലില്‍ റൈസിങ് പൂണെയ്ക്കെതിരായ സെഞ്ചുറി നേട്ടത്തിന് പിന്നാലെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ സഞ്ജു മനസ്സു തുറന്നത്.
രഞ്ജി ക്രിക്കറ്റിനിടെ ഉണ്ടായ വിവാദങ്ങളും കെസിഎയുടെ താക്കീതും ഉള്‍പ്പെടെ വന്നപ്പോള്‍ സഞ്ജു വി.സാസംന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു പൂണെയ്ക്കെതിരായ സെഞ്ചുറി നേട്ടം. ആഭ്യന്തര ക്രിക്കറ്റിലെ കഴിഞ്ഞ സീസണിലും മലയാളി താരത്തിന് മോശം സമയമായിരുന്നു. അതോടെ ഐപിഎല്‍ ആയപ്പോള്‍ മലയാളികളായ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ സഞ്ജുവിലേയ്ക്കായി. ബാംഗ്ലൂരിനെതിരായ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും പൂണെയ്ക്കെതിരെ സഞ്ജുവിന്റെ കരുത്തുകണ്ടു.
സ്വാഭാവിക ക്ലാസിക് ശൈലിയും ആക്രമണവും ഒത്തുചേര്‍ന്ന പ്രകടനം. 63 പന്തില്‍ 102 റണ്‍സെടുത്ത സഞ്ജു ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ആദ്യ മലയാളിയുമായി. ചരിത്ര നേട്ടത്തിലും സഞ്ജുവിന് അമിതാഹ്ലാദമില്ല. സമീപകാലത്തെ വിവാദങ്ങളും തിരിച്ചടികളും തനിക്ക് വലിയ പാഠമായെന്ന് സഞ്ജു പറയുന്നു.
ടീം ഇന്ത്യയുടെ ഭാഗമാവുകയാണ് തന്റെ ലക്ഷ്യമെന്ന് കൂടി സഞ്ജു പങ്കുവയ്ക്കുന്നു. രാഹുല്‍ ദ്രാവിഡിനൊപ്പമുള്ള അനുഭവങ്ങളും പരിശീലനങ്ങളും കരിയറില്‍ ഏറെ ഗുണംചെയ്തതെന്നും താരം പറഞ്ഞു.