ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റിന്റെ ഉജ്വലജയം. 306 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറിയുടെ ബലത്തില്‍ പന്ത് ബാക്കിയാക്കി വിജയിച്ചു. ബംഗ്ലദേശിനായി തമീം ഇക്ബാല്‍ സെഞ്ചുറി നേടി.
ബാറ്റിങ് വിരുന്നൊരുക്കി ഇംഗ്ലണ്ടും ബംഗ്ലദേശും ചാംപ്യന്‍സ് ട്രോഫിക്ക് ഗംഭീരതുടക്കം നല്‍കി. ബംഗ്ലദേശ് ഉയര്‍ത്തിയ റണ്‍മല ഹെയിന്‍സും റൂട്ടും മോര്‍ഗനും അനായാസം കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് മൂന്നാം വിക്കറ്റിലെ 166 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് 305 റണ്‍സ് അടിച്ചുകൂട്ടിയത്. തമീം ഇക്ബാല്‍ 142 പന്തില്‍ 128 റണ്‍സെടുത്തു. ചാംപ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബംഗ്ലദേശ് താരം
മുഷ്ഫിഖര്‍ റഹീമിന്റെ 79 റണ്‍സ് തമീന് ഉറച്ച പിന്തുണയായി. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് നാലു വിക്കറ്റ് നേടി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു റണ്ണെടുത്ത ജേസണ്‍ റോയിയെ നഷ്ടമായത് സമ്മര്‍ദമായി. കഴിഞ്ഞ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബംഗ്ലദേശില്‍ നിന്നേറ്റ അട്ടിമറി തോല്‍വി ആരാധകരെങ്കിലും ഓര്‍ത്തിരിക്കാം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിലയുറപ്പിച്ച അലക്സ് ഹെയില്‍സും ജോ റൂട്ടും 159 റണ്‍സ് അടിച്ചുകൂട്ടി. 86 പന്തില്‍ 95 റണ്‍സെടുത്ത ഹെയില്‍സിന് അര്‍ഹിച്ച സെഞ്ചുറി അഞ്ച് റണ്‍സകലെ നഷ്ടമായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ഫോമിലായതോടെ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലേക്ക്. 133 റണ്‍സെടുത്ത ജോ റൂട്ട് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കി. മോര്‍ഗന്‍ 75 റണ്‍സെടുത്തു.