ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം തിരിച്ചുപിടിക്കാന്‍ ടീം ഇന്ത്യ ഫീല്‍ഡ് സെറ്റ് ചെയ്തു കഴിഞ്ഞു. പരിശീലകന് അനില്‍ കുംബ്ലെ തന്നെ ക്രീസിലെ യുദ്ധത്തിനുള്ള തന്ത്രങ്ങള്‍ ഒരുക്കി. പോരാട്ടം തുടങ്ങുന്നവര്‍ മുതല്‍ അവസാനിപ്പിക്കുന്നവര്ക്കുവരെ ദൗത്യം ഏല്പിച്ചുകഴിഞ്ഞു. ഫീല്‍ഡില്‍ ഇറങ്ങുന്നവര്‍ക്ക് എന്നതുപോലെ ഇവരെ സജ്ജരാക്കുന്നവര്ക്കും കുംബ്ലെ ചുമതല ഏല്പിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫി മാത്രം മുന്നില്‍ കണ്ടല്ല കുംബ്ലെയുടെ തന്ത്രങ്ങള്‍. ലോക ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും എങ്ങനെ ആധിപത്യം സ്ഥാപിക്കാമെന്ന വിശദമായ ഗെയിംപ്ലാന്‍ ആണ് കുംബ്ലെ ബിസിസിഐക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആദ്യ ചുവട് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് തുടങ്ങും.
കിരീടം തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നതിനു മുമ്പ് ടീം ഇന്ത്യ ഒന്നിച്ചിരുന്ന് ക്രിക്കറ്റ് ദൈവം സച്ചിന് തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ കാണും. ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ പോരാടനുള്ള പ്രചോദനവും ഊര്‍ജവും ഇതിലൂടെ ടീം ഇന്ത്യയ്ക്ക് ആവോളം ലഭിക്കും. ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരായ പോരാട്ടത്തിലൂടെയാണ് ടീം ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടത്തിനായി തുടക്കമിടുന്നത്. ആ ടീമിനോട് പരിശീലകന് എന്ന നിലയില്‍ കുംബ്ലെ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ ഇതാണ്.
1. ഓപ്പണിങ് ബാറ്റ്സ്മാന്മാരുടെ കൂട്ടുകെട്ട് കരുത്തുറ്റതാക്കുക
2.കൂടുതല്‍ സെഞ്ചുറികള്‍ നേടുക
3.അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുക
4.വിദേശ പിച്ചുകളിലെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കുക
ഈ നാലു നിര്‍ദേശങ്ങള്‍ ബാറ്റിങ് നിരയ്ക്ക് ഉള്ളതാണെങ്കില്‍ ബോളിങ് നിരയ്ക്ക് നല്കുന്ന ഉപദേശങ്ങള്‍ ഇതാണ്.
1. വിദേശ പിച്ചുകളില്‍ എതിരാളിയുടെ മുഴുവന്‍ വിക്കറ്റും നേടാന്‍ ശ്രമിക്കുക.
2.അവസാന ഓവറുകളില്‍ റണ്‍സ് കുറച്ച് വിട്ടുകൊടുത്ത് വിക്കറ്റ് നേടാന്‍ ശ്രമിക്കുക.
3. സ്പിന്നര്‍മാരും പേസര്‍മാരും അവര്‍ക്ക് അനുകൂലമല്ലാത്ത പിച്ചുകളിലും കൂടുതല്‍ വിക്കറ്റ് നേടണം
4. ബോളര്‍മാര്‍ കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് നേടണം
ടീമിന് നല്കുന്ന ഈ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഇവരെ ഒരുക്കുന്നവര്ക്കുമുണ്ട് നിര്‍ദേശങ്ങള്‍. അസിസ്റ്റന്റ് കോച്ചായി ഇപ്പോള്‍ ടീമിനൊപ്പം നില്ക്കുന്ന സഞ്ജയ് ബംഗാര്‍ തന്നെയാണ് ടീമിന്റെ ബാറ്റിങ് കോച്ചും.
1. അസിസ്റ്റന്റ് കോച്ച് ദിവസേനയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുക
2. ടീമിന്റെയും ഓരോ കളിക്കാരുടെയും പരിശീലന സമയങ്ങള്‍ ഉറപ്പാക്കുക
3. മുഖ്യപരിശീലകനെ ഓരോ കളിക്കാരുടെ കാര്യവും അറിയിക്കുക
4. ടീം മീറ്റിങ്ങിനുള്ള കാര്യങ്ങള്‍ തയാറാക്കുക.
ടീമിനെ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ബിസിസിഐയ്ക്കും കുംബ്ലെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
1.ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് കോച്ചുമാരുടെ സേവനം ലഭ്യമാക്കുക
2.ടീമിന്റെ മല്‍സര ക്രമം അനുസരിച്ച് ബാറ്റിങ്, ബോളിങ്,ഫീല്‍ഡിങ് കണ്‍സള്‍ട്ടന്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുക
3.വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ആ രാജ്യത്തെ സാഹചര്യങ്ങളില്‍ കളിച്ചു പരിചയിച്ചവരുടെ സേവനം നേടുക
പരിശീലകന് എന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ നിര്‍ദേശങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം ഇന്ത്യ കപ്പുയര്‍ത്താന്‍ ശക്തരാണോ എന്നു നോക്കുമ്പോള്‍ ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ അറിയേണ്ടതുണ്ട്.
ടീം ഇന്ത്യയുടെ ശക്തി
1.വളരെ പൊസിറ്റീവ് ആയ ക്യാപ്റ്റന്‍-വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ടീം ഇന്ത്യ 20ല്‍ പതിനാറ് ഏകദിനങ്ങളില്‍ ജയം നേടി. പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ ബാറ്റിങ്ങിലൂടെ രക്ഷിക്കുന്നു.
2. രോഹിത് ശര്‍മ-മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്‍ ചാംപ്യന്മാരാക്കിയ രോഹിത് ശര്‍മ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഉള്ളത് മല്‍സരങ്ങളില്‍ വിജയ തന്ത്രങ്ങളൊരുക്കുന്നതില്‍ നിര്‍ണായകം ആകും. രോഹിതിന്റെ ഓപ്പണിങ് ബാറ്റിങ്ങും ഇന്ത്യയ്ക്ക് കരുത്താകും.
3. പേസ് ബോളിങ്-ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ അടങ്ങിയ ബോളിങ് നിര ഏതുടീമിന്റെയും ബാറ്റിങ് നിര തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. മുഹമ്മദ് ഷാമി ഒഴികെയുള്ളവര്‍ ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ അത് തെളിയിച്ചു കഴിഞ്ഞു. ഇതില്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ജസ്പ്രീത് ബുംറ കൂടുതല്‍ അപകടകാരി ആയിരിക്കും.
4. ഓള്‍റൗണ്ടര്‍മാര്‍-രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയും ലോകനിലവാരത്തില്‍ നില്‍ക്കുന്നവരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇവരുടെ പ്രകടനം ടീം ഇന്ത്യയ്ക്ക് അധിക ശക്തി നല്‍കും.
ടീം ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍
1.ഫിറ്റ്നസ്-അശ്വിന്റെയും മുഹമ്മദ് ഷാമിയുടെയും ഫിറ്റ്നസ് ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാനകാര്യം. ഇരുവരും പരുക്ക് ഭേദമായി മടങ്ങിയെത്തിയിട്ടേയുള്ളു. ഇവരില്‍ അശ്വിന് ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ ഒരു മല്‍സരവും കളിച്ചിരുന്നില്ല. ഷാമി എട്ടു മല്‍സരം കളിച്ചെങ്കിലും ഫലപ്രദമായില്ല.
2.ബാറ്റിങ് നിരയുടെ ഫോം-പതിവുപോലെ കരുത്തുറ്റ ബാറ്റിങ് നിരതന്നെ എന്നാല്‍ കോഹ്ലി,ധവാന്,രഹാനെ,യുവരാജ് എന്നിവരുടെ ഫോം ടീമിന്റെ ആകെയുള്ള പ്രകടനത്തില്‍ നിര്‍ണായകം ആകും.
3.ക്ഷീണിതര്‍- ഐ.പി.എല്‍ മല്‍സരങ്ങള്‍ കഴിഞ്ഞ് ടീമിനൊപ്പം ചേരുന്ന താരങ്ങള്‍ ഊര്‍ജം വീണ്ടെടുത്തോയെന്ന് സംശയം.