ലോകകപ്പ് ഫൈനലിലെ തോല്‍വിയിലും വിപ്ലവകരമായ മാറ്റത്തിലേക്കാണ് മിതാലിരാജും സംഘവും വനിതാ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയത്. പുരുഷക്രിക്കറ്റിനൊപ്പം തന്നെ ആരാധകപ്രീതിയും സ്വീകാര്യതയും വനിതാ ക്രിക്കറ്റിനും ലഭിക്കുമെന്ന് തെളിയിച്ചു ഈ ലോകകപ്പ്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഇനി 2017ന് മുമ്പും അതിന് ശേഷവും എന്ന് വേര്‍തിരിക്കാം. പുരുഷക്രിക്കറ്റിന്റെ പ്രഭയില്‍ മറഞ്ഞുപോയവര്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ വര്‍ഷം.
ലോകശ്രദ്ധയിലേക്ക് ഈ ടൂര്‍ണമെന്റ് എത്താനുള്ള കാരണം മിതാലി രാജും കൂട്ടരും തന്നെ, ഒപ്പം ക്രിക്കറ്റിനെ വിറ്റഴിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ വലിയ വിപണിസാധ്യതകളും. 2013ലെ ലോകകപ്പിനേക്കാള്‍ 80ശതമാനം വര്‍ധനയാണ് പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായത്. ഫൈനല്‍ കാണാനെത്തിയത് 26,000ല്‍ അധികം കാണികളും. 1983ലെ വിശ്വവിജയത്തിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റിന് കിട്ടിയ അതേ ഊര്‍ജം ഇക്കുറി വനിതാ ക്രിക്കറ്റിന് ലഭിച്ചിട്ടുണ്ട്.
മിതാലി മാത്രമല്ല രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുണ്ട് വനിതകളുടെ ഈ കുതിപ്പില്‍. ഈ ആവേശം നിലനില്ക്കുമ്പോള്തന്നെ പാകാം മുന്നേറാനുള്ള ചവിട്ടുപടികള്‍.