ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് ഏഴുമെഡലുകള്‍. ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും അയ്യായിരം മീറ്ററില്‍ ജി.ലക്ഷ്മണും സ്വര്‍ണം നേടി. ലോങ്ജംപില്‍ വി.നീന വെള്ളി നേടിയപ്പോള്‍ നയന ജെയിംസിനാണ് വെങ്കലം
വികാസ് ഗൗഡയുടെ ഡിസ്കസ് ത്രോ വെങ്കലത്തോടെയാണ് ഇന്ത്യ മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 14.33 മീറ്റര്‍ ദുരത്തിലേക്ക് മന്‍പ്രീത് കൗര്‍ ഷോട്പുട്ട് എറിഞ്ഞിട്ടപ്പോള്‍ ഇന്ത്യയ്ക്കത് ആദ്യ സ്വര്‍ണമെഡലായി. പുരുഷന്മാരുടെ അയ്യായിരം മീറ്ററാണ് ഇന്ത്യയെ കോരിത്തരിപ്പിച്ചത്. അവസാന 300 മീറ്ററില്‍ അവിശ്വസനീയ കുതിപ്പാണ് ജി.ലക്ഷ്മണ് നടത്തിയത്. 22വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യായിരത്തിന്റെ ട്രാക്കില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
വനിതകളുടെ ലോങ്ജംപ് പിറ്റില്‍ മലയളിത്തിളക്കം കണ്ടു. വി.നീന 6.54 മീറ്റര്‍ താണ്ടി വെള്ളി ചാടിയെടുത്തപ്പോള്‍ വെങ്കലം നേടിയ നയന ജെയിംസിന് ആദ്യരാജ്യാന്തര മെഡലായി. വനിതകളുടെ 5000മീറ്ററില്‍ സഞ്ജീവനി യാദവും ജാവലിന്‍ ത്രോയില്‍ അന്നുറാണിയും വെങ്കലം നേടിയതോടെ മെഡല്‍ നേട്ടം ഏഴായി.