ഏറ്റവും മികച്ച എതിരാളിയെയാണ് ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫെനലില്‍ ലഭിച്ചതെന്ന് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു. തോറ്റതില്‍ നിരാശയുണ്ടെങ്കിലും മികച്ച മല്‍സരമാണ് നടന്നത്. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സിന്ധു.
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നൂറ്റിപ്പത്ത് മിനുറ്റ് നീണ്ട് നിന്ന പോരാട്ടം ഇതുവരെയുള്ള തന്റെ മല്‍സരങ്ങളില്‍ മികച്ചതായിരുന്നുവെന്ന് പിവി സിന്ധു പറഞ്ഞു.വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷ അവസാന നിമിഷം ഭാഗ്യം കൈവിട്ടതുകൊണ്ടാണ് ജപ്പാന്റെ നസോമി ഒകുഹരയോട് പരാജയപ്പെട്ടത്. പരാജയത്തില്‍ തളരില്ലെന്നും വരും വര്‍ഷങ്ങളില്‍ രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുമെന്നും സിന്ധു പറഞ്ഞു.
പരുക്കില്‍ നിന്ന് മുക്തമായ ശേഷം ലഭിച്ച വെങ്കലനേട്ടം ഏറെ അഭിമാനം നല്‍കുന്നുണ്ടെന്ന് സൈന നെഹ്്വാള്‍ പറഞ്ഞു. രാജ്യം നല്കുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ട്. സിന്ധുവും സൈനയും ഫൈനലില്‍ എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സൈനയുടെ പരിശീലകന് വിമല്‍ കുമാര്‍ പറഞ്ഞു. കായിക താരങ്ങള്‍ക്ക് കായിക മന്ത്രി വിജയ് ഗോയല്‍ ഉപഹാരങ്ങള്‍ നല്കി.