ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലദേശിന് ചരിത്രവിജയം. ധാക്ക ടെസ്റ്റില്‍ 20 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസിനെതിരെ ആദ്യമായി ബംഗ്ലദേശ് വിജയമാഘോഷിച്ചത്. മല്‍സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അല്‍ഹസനാണ് ഓസ്ട്രേലിയയെ തകര്‍ത്തത്.
ചുവന്ന സൂര്യന് ഉദിച്ചുയരുകയാണ്. ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും മേലെ കത്തിപ്പടര്ന്നവര് ഓസ്ട്രേലിയേയും ചാമ്പലാക്കി. ഒരു രാജ്യം മുഴുവന്‍ ജയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു, പ്രധാനമന്ത്രി ഷെയ്ക് ഹസീനയും സ്റ്റേഡിയത്തിലെത്തി, ആവേശനിമിഷം നഷ്ടമാകാതിരിക്കാന്‍.
നാലാംദിനം ബാറ്റിങ് ആരംഭിക്കുമ്പോള്‍ ഓസീസിന് ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്, കയ്യില്‍ 8 വിക്കറ്റും. 112 റണ്‍സുമായി പ്രതിരോധിച്ച ഡേവിഡ് വാര്‍ണര്‍ പുറത്തായതോടെ കംഗാരുക്കള്‍ ഭയക്കാന്‍ തുടങ്ങി. ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടം രണ്ടാം ഇന്നിങ്സിലും ആവര്‍ത്തിച്ചതോടെ ഷക്കീബ് അല്ഹസന് വീരപൂരുഷനായി.
9ആം വിക്കറ്റില്‍ നഥാന്‍ ലിയോണിനെ കൂട്ടുപിടിച്ച് പാറ്റ് കമ്മിന്‍സ് നടത്തിയ ചെറുത്ത് നില്പ് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയായെങ്കിലും ലിയോണിനെ വീഴ്ത്തി മെഹിദി ഹസനാണ് ആഘോഷത്തിന് തിരികൊളുത്തിയത്