E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

പത്തിന്റെ പണി’ക്ക് പത്തിക്കടിച്ച് ഇന്ത്യയുടെ മറുപടി; ഓസീസ് തോറ്റുതോറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cricket
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒൻപതു തുടർവിജയങ്ങളുടെ പകിട്ടിലെത്തിയ ഇന്ത്യയ്ക്ക് ബെംഗളൂരുവിലെ നാലാം ഏകദിനത്തിൽ കിട്ടിയത് ഒരുതരത്തിൽ പറഞ്ഞാൽ ‘പത്തിന്റെ പണി’യായിരുന്നു. ഏകദിനത്തിൽ 10 തുടർ വിജയങ്ങൾ നേടാനാകാത്ത ടീമുകളിൽ ബംഗ്ലദേശിനും സിംബാബ്‌വെയ്ക്കുമൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി എണ്ണപ്പെടുന്ന ഇന്ത്യ, ബെംഗളൂരുവിൽ ഈ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. ഫലം മറിച്ചായിരുന്നു. പരമ്പരയിലാദ്യമായി ഭേദപ്പെട്ട പോരാട്ടവീര്യം പ്രകടിപ്പിച്ച ഓസീസ്, മൽസരം ഇന്ത്യയിൽനിന്ന് തട്ടിയെടുത്തു. ഇന്ത്യൻ ടീം മാനേജ്്മെന്റിന്റെ ചില കൈവിട്ട ‘പരീക്ഷണങ്ങൾ’ കൂടിയായതോടെ മൽസരം പൂർണമായും ഓസീസിന്റെ കയ്യിലായി.

ഓസീസിനെ സംബന്ധിച്ചാകട്ടെ, ഏറെ ആശ്വാസകരമായ വിജയമായിരുന്നു ബെംഗളൂരുവിലേത്. വിദേശ മണ്ണിൽ തുടർപരാജയങ്ങളിൽ ഉഴറിയ അവർക്ക് 13 മൽസരങ്ങൾ നീണ്ട വിജയവരൾച്ചയ്ക്കുശേഷം ലഭിച്ച ആശ്വാസ വിജയമായിരുന്നു അത്. ചുരുക്കത്തിൽ, ഇന്ത്യയ്ക്ക് ഈ പരാജയം എത്രത്തോളം വേദനയായോ, അതിലേറെ ആശ്വാസമായിരുന്നു ഓസീസിനിത്. എന്തായാലും ഏകദിനത്തിലെ 10 തുടർവിജയങ്ങളെന്ന റെക്കോർഡ് 927 ഏകദിനങ്ങൾ പൂർത്തിയാക്കിയിട്ടും ഇന്ത്യയ്ക്ക് ‘കിട്ടാക്കനി’യായി നിൽക്കുന്നു.

ബെംഗളൂരുവിലെ പണിക്ക് നാഗ്പുരിൽ മറുപടി

എന്നാൽ, നാഗ്പുരിൽ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. ഏകദിനത്തിൽ 10 തുടർവിജയങ്ങളെന്ന സ്വപ്നത്തിന്റെ കടയ്ക്കൽ കോടാലിവച്ച ഓസീസിനു മുന്നിൽ വീണ്ടും പരാജയവഴി തുറന്നിട്ട ഇന്ത്യ, ബെംഗളൂരുവിലെ തോൽവി സമ്മാനിച്ച സങ്കടങ്ങളെല്ലാം നാഗ്പുരിൽ കുടഞ്ഞുകളഞ്ഞു. അഞ്ചാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ, 4–1 ലീഡിൽ കിരീടം നേടി പരമ്പരയ്ക്കും വിരാമമിട്ടു.

ഓസ്ട്രേലിയ ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 43 പന്തു ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്. നഷ്ടപ്പെടുത്തിയത് മൂന്നു വിക്കറ്റ് മാത്രം. കഴിഞ്ഞ മൽസരത്തിലെ തോൽവിയോടെ കൈവിട്ട ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കോഹ്‍ലിപ്പട തിരിച്ചുപിടിച്ചു.

പിഴവു തിരുത്തി ഇന്ത്യ

നാലാം ഏകദിനത്തിൽ തോൽവിയിലേക്കു നയിച്ച പിഴവുകളെല്ലാം തിരുത്തിയാണ് ഇത്തവണ ഇന്ത്യ കളത്തിലിറങ്ങിയത്. ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുംറയെയും മടക്കിവിളിച്ച് ആദ്യം ബോളിങ് ആക്രമണത്തിന്റെ മൂർച്ച വീണ്ടെടുത്തു. പുറത്തായത് ഉമേഷ് യാദവും മുഹമ്മദ് ഷാമിയും. യുസ്‌വേന്ദ്ര ചാഹലിനു പരുക്കേറ്റതോടെ കുൽദീപ് യാദവിന്റെ മടങ്ങിവരവിനും വഴിയൊരുങ്ങി. മൂവർ സംഘത്തിന്റെ തിരിച്ചുവരവ് ഇന്ത്യൻ പ്രകടനത്തിൽ പ്രകടമായി കണ്ടു. കഴിഞ്ഞ തവണ 330 കടന്ന ഓസീസ് സ്കോർ, ഇത്തവണ 200 കടക്കാൻ തന്നെ പണിപ്പെട്ടു.

‘ഡെത്ത് ഓവറു’കളിലെ ഏറ്റവും മികച്ച ബോളിങ് നിര ഇന്ത്യയുടേതാണെന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഏറ്റുപറച്ചിൽ അക്ഷരം പ്രതി ശരിയാകുന്നതും നാഗ്പുരിൽ കണ്ടു. ആദ്യ നാല് ഓവറിൽ‌ നന്നായി തല്ലു വാങ്ങിയ ബുംറ തുടർന്നുള്ള ആറ് ഓവറുകളിൽ വെറും 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടി. 40 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വറിന്റെ പ്രകടനവും ഡെത്ത് ഓവറിൽ ഓസീസിനെ പിടിച്ചുകെട്ടുന്നതിൽ നിർണായകമായി.

ബാറ്റിങ്ങിലും സർവാധിപത്യം

ബാറ്റിങ്ങിലും ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യമായിരുന്നു. 50 ഓവറിൽ ഓസീസ് ആയാസപ്പെട്ടു നേടിയത് 43–ാം ഓവറിൽ അനായാസം അടിച്ചെടുത്ത ഇന്ത്യ വിജയം ഏകപക്ഷീയമാക്കി. വിജയവഴിയിൽ തുണനിന്ന ഒട്ടേറെപ്പേരുണ്ടെങ്കിലും നാലാം ഏകദിനത്തിൽ ബാറ്റിങ്ങിന്റെ കാര്യത്തിൽ അതു രണ്ടു പേരായിരുന്നു. ഒന്ന്, തുടർച്ചയായ നാലാം മൽസരത്തിലും അർധസെഞ്ചുറി തികച്ച അജിങ്ക്യ രഹാനെ. രണ്ട്, തുടർച്ചയായി നേടിയ രണ്ട് അർധസെഞ്ചുറികൾക്ക് മൂന്നാം മൽസരത്തിലെ സെഞ്ചുറിയിലൂടെ തുകിലു ചാർത്തിയ രോഹിത് ശർമ.

പരമ്പരയിലെ തുടർച്ചയായ മൂന്നാം മൽസരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ലായി. രഹാനെ പുറത്തായശേഷം കോഹ്‍ലിയുമൊത്ത് സെഞ്ചുറിയോളം പോന്നൊരു അർധസെഞ്ചുറി കൂട്ടുകെട്ട് (99) തീർത്ത രോഹിത് ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. വിജയം കയ്യകലെ നിൽക്കെ ഇരുവരും അനാവശ്യമായി വിക്കറ്റു നഷ്ടപ്പെടുത്തിയെങ്കിലും, കേദാർ ജാദവും മനീഷ് പാണ്ഡെയും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

ഓപ്പണിങ് വിക്കറ്റിലെ ‘ഇന്ത്യൻ മോഡൽ’

ക്രിക്കറ്റിൽ മൊത്തമായി ഇത് ഇന്ത്യൻ വർഷമായിരുന്നെങ്കിലും, അതിൽത്തന്നെ ഏറ്റവും ഉയർന്നുനിന്നത് ഓപ്പണിങ് വിക്കറ്റിലെ പ്രകടനമായിരുന്നു. ചരിത്രത്തിലെ ഏത് ഓപ്പണിങ് സഖ്യത്തോടും കിടപിടിക്കുന്ന പ്രകടനമാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. മൂന്നു ‘സ്പെഷ്യലിസ്റ്റ്’ ഓപ്പണർമാർ ചേർന്നാണ് ഈ നേട്ടങ്ങളൊക്കെയും അടിച്ചെടുത്തതെന്നതും ശ്രദ്ധേയം. ആദ്യമത് രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമായിരുന്നു. ഇടയ്ക്കത് ധവാൻ–രഹാനെ സഖ്യമായി. ധവാന് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ടിവന്നതോടെ ഓസീസിനെതിരെ രോഹിത്–രഹാനെ സഖ്യം അതേറ്റെടുത്തു.

ഇൻഡോറിൽ 139 റൺസിന്റെ കൂട്ടുകെട്ടു തീർത്ത് വിസ്മയിപ്പിച്ച രോഹിത്–രഹാനെ സഖ്യം, ഇന്ത്യ തോറ്റ ബെംഗളൂരു ഏകദിനത്തിലും 106 റൺസിന്റെ കൂട്ടുകെട്ടു തീർത്തിരുന്നു. ഇത്തവണയത് 124 റൺസായി. ഇതോടെ, ഈ വർഷം ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ നേടിയ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണം എട്ടായി ഉയർന്നു. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിലെ ആദ്യ സംഭവം. 2002ലും 2007ലും ഏഴു തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യ.

ത്രസിപ്പിച്ച്, രസിപ്പിച്ച് രോഹിത്

രണ്ടു ബാറ്റ്സ്മാൻമാർ നിറഞ്ഞുനിന്ന മൽസരമായിരുന്നു അഞ്ചാം ഏകദിനം. പരമ്പരയിലാകെ അഞ്ചു മൽസരങ്ങളിൽനിന്ന് 296 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പരമ്പരയിൽ ഇന്ത്യൻ താരം കുറിച്ച ഏക സെഞ്ചുറിയും രോഹിതിന്റെ പേരിലായി. അഞ്ചു മൽസരങ്ങളിൽനിന്ന് 244 റൺസ് നേടിയ അജിങ്ക്യ രഹാനെയും രോഹിതിനു തൊട്ടുപിന്നിലുണ്ട്. ഹാർദിക് പാണ്ഡ്യ 222 റൺസുമായി മൂന്നാമതു നിൽക്കുന്നു.

അഞ്ചാം ഏകദിനത്തിൽ 109 പന്തുകൾ നേരിട്ട രോഹിത്  125 റണ്‍സെടുത്തു പുറത്തായി. 11 ബൗണ്ടറിയും അഞ്ചു പടുകൂറ്റൻ സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. 14–ാം ഏകദിന സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശർമ അതിനിടെ മറ്റൊരു ശ്രദ്ധേയ നേട്ടവും പിന്നിട്ടു. ഏകദിനത്തിൽ 6000 റൺസ് സ്വന്തമാക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ താരം. 168–ാം മൽസരത്തിലാണ് രോഹിതിന്റെ റെക്കോർഡ് നേട്ടം.

ഇപ്പോഴും മൽസര ക്രിക്കറ്റിൽ ഉള്ളവരിൽ രോഹിതിനു മുന്നിലുള്ളത് മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്‍ലി, യുവരാജ് സിങ് എന്നിവർ മാത്രം. നിലവിൽ 168 മൽസരങ്ങളിൽനിന്ന് 6,033 റൺസാണ് രോഹിതിന്റെ സമ്പാദ്യം. 28, 7, 71, 65, 125 എന്നിങ്ങനെയാണ് പരമ്പരയിൽ രോഹിതിന്റെ പ്രകടനം.

പകരക്കാരൻ, പകരം വയ്ക്കാനില്ലാത്തവൻ

74 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 61 റൺസെടുത്ത അജിങ്ക്യ രഹാനെയും മോശമാക്കിയില്ല. പരമ്പരയിലാകെ രഹാനെ നേടിയത് തുടർച്ചയായി നാല് അർധസെഞ്ചുറികൾ. സ്ഥിരം ഓപ്പണർ ശിഖർ ധവാന് അസൗകര്യമായതു കൊണ്ടുമാത്രം ടീമിൽ ഇടം നേടിയ താരമാണ് രഹാനെ എന്നോർക്കണം. 55, 70, 53 എന്നിങ്ങനെയാണ് കഴിഞ്ഞ മൽസരങ്ങളിൽ രഹാനെയുടെ സ്കോർ. സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‌ലി എന്നിവർക്കു ശേഷം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായി നാല് അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് രഹാനെ. 84 ഏകദിനങ്ങളിൽ അദ്ദേഹത്തിന്റെ 23–ാം അർധസെഞ്ചുറിയുമാണിത്.

പകരക്കാരനായി വന്ന് പകരം വയ്ക്കാനില്ലാത്ത പ്രകടനം നടത്തുന്ന ഈ ‘രഹാനെ ശൈലി’ ആരാധകരെ ത്രസിപ്പിക്കുന്നത് ഇതാദ്യമല്ല. രോഹിത് ശർമയ്ക്ക് പരുക്കേറ്റതു മൂലം ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അവസരം ലഭിച്ച രഹാനെ അവിടെയും സമാനമായ പ്രകടനമാണ് കാഴ്ചവച്ചത്. അതിനു തൊട്ടുമുൻപു നടന്ന ചാംപ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാതിരുന്ന രഹാനെ, വിൻഡീസ് പരമ്പരയിൽ തുടർച്ചയായി നാല് അർധസെഞ്ചുറിയാണ് നേടിയത്. 62, 103, 72, 60, 39 എന്നിങ്ങനെയായിരുന്നു പരമ്പരയിൽ രഹാനെയുടെ പ്രകടനം.

ഇത്തവണയും തുടർച്ചയായി നാല് അർധസെഞ്ചുറി നേടിയതോടെ രണ്ടു തവണ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമായി രഹാനെ. മൂന്നു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള സച്ചിനാണ് രഹാനെയ്ക്ക് മുന്നിലുള്ളത്. വെറും 84 മൽസരങ്ങൾ മാത്രം പ്രായമുള്ള രഹാനെയുടെ കരിയർ എവിടെ, 463 മൽസരങ്ങൾ കളിച്ച സച്ചിന്റെ കരിയറെവിടെ!

ഓസീസ് വീണ്ടും പരാജയവഴിയിൽ

ഇതുപോലൊരു ഓസീസ് ടീം എന്നെങ്കിലും ഇന്ത്യയിൽ വന്നിട്ടുണ്ടോയെന്ന് അറിയില്ല. പരമ്പര 4–1 അടിയറ വച്ചിട്ട് മടങ്ങുമ്പോൾ, ഓസീസ് ടീമിൽ ചില തലകളൊക്കെ ഉരുണ്ടാലും അദ്ഭുതപ്പെടാനില്ല. നാലാം മൽസരത്തിലെ വിജയമൊഴിച്ചുനിർത്തിയാൽ പരമ്പരയിൽ ഓസീസിന് സന്തോഷിക്കാൻ അധികം കാരണങ്ങളില്ല. (ഓപ്പണിങ് വിക്കറ്റിലെ ആരോൺ ഫിഞ്ച്–ഡേവിഡ് വാർണർ സഖ്യത്തിന്റെ പ്രകടനം മറക്കുന്നില്ല.)

നാഗ്‌പുരിൽ, ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് കുറിച്ചത് 242 റൺസ്. അർധസെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറാണ് (62 പന്തിൽ 53) അവരുടെ ടോപ്സ്കോറർ. ഒന്നാം വിക്കറ്റിൽ വാർണർ ഫിഞ്ച് സഖ്യവും (66) അഞ്ചാം വിക്കറ്റിൽ ട്രാവിസ് ഹെഡ്–സ്റ്റോയ്നിസ് സഖ്യവും (87) അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തു. ഒന്നാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ടിനു പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി പ്രതിസന്ധിയിലായ ഓസീസിനെ, അഞ്ചാം വിക്കറ്റിൽ ഹെഡ്–സ്റ്റോയ്നിസ് സഖ്യമാണ് കരകയറ്റിയത്. അതുപക്ഷേ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഒന്നു ‘മണക്കാൻ’ പോലുമുള്ള സ്കോർ ആയതുമില്ല.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക