ഐപിഎല്ലില്‍ രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയ കൊല്‍ക്കത്തയും ആദ്യ സീസണില്‍ തന്നെ മിന്നുന്ന പ്രകടനവുമായി പ്ലേഓഫിലെത്തിയ ഗുജറാത്തും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില താരങ്ങളുണ്ട്. പ്രകടനമികവുകൊണ്ട് മല്‍സരം വരുതിയിലാക്കാന്‍ കെല്‍പ്പുള്ളവര്‍. ഇരു ടീമിലും നിര്‍ണായകമാകുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
കൊല്‍ക്കത്തയ്ക്ക് രണ്ട് കിരീടം നേടിക്കൊടുത്ത ഗൗതം ഗംഭീറാണ് ടീമിന്റെ കരുത്ത്. ബാറ്റും തന്ത്രങ്ങളും പ്രകോപനവുമായി ഫീല്‍ഡില്‍ എതിരാളിയെ തകര്‍ക്കുന്ന കരുത്തന്. കൂട്ടിന് വിസ്ഫോടനാത്മകമായ ബാറ്റിങ്ങുമായി റോബിന് ഉത്തപ്പ. ഗംഭീറിന്റെ വിശ്വസ്തന്. മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് പുറമെ വാലറ്റത്ത് വെടിക്കെട്ടിന് തീ കൊളുത്താന്‍ യൂസഫ് പഠാനും. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ വൈദേശീയരായ ക്രിസ് ലീനും, ഡാരന്‍ ബ്രാവോയും. കൊല്‍ക്കത്തയുടെ ബാറ്റിങ് കരുത്തിനെ എതിരാളികള്‍ കരുതിയിരിക്കണം.
സുനില്‍ നരേന്റെ മാന്ത്രിക സ്പിന്‍ കൊല്‍ക്കത്തയുടെ ബോളിങ് ഡിപ്പാര്‍ട്ട്മെന്റിനെ ഭദ്രമാക്കുന്നു. കുല്‍ദീപ് യാദവും, പീയൂഷ് ചൗളയും ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുതലാക്കാന്‍ മിടുക്കര്‍. പേസ് നിരയിലാകട്ടെ മികച്ച ഫോമിലുള്ള ഉമേഷ് യാദവ്, കിവീസ് ബോളര്‍ ട്രെന്‍ഡ് ബോള്‍ട്ട്. പോരെ പൂരം. ആന്ദ്രെ റസലും, ഷക്കീബ് അല്‍ ഹസനും, ക്രിസ് വോക്സും ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളി പിടിക്കാന്‍ മിടുക്കുള്ളവര്‍. നിലവിലെ സാഹചര്യത്തില്‍ ആശങ്കകളില്ല. ശക്തമായ നിര തന്നെ.
മറുവശത്ത് ഗുജറാത്തിന്റെ കരുത്ത് നായകന് സുരേഷ് റെയ്നയില്‍ തുടങ്ങുന്നു. കൂറ്റനടിക്കാരന്‍ ബ്രണ്ടന്‍ മക്കല്ലം, കൂട്ടിന് ആരോണ്‍ ഫിഞ്ചും ദിനേശ് കാര്‍ത്തിക്കും, ഡ്വെയ്ന്‍ സ്മിത്തും പിന്നെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജേസണ്‍ റോയിയും ചേര്‍ന്ന് എതിര് ബോളര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടും. പരിചയസമ്പന്നരായ വിദേശ ബോളര്‍മാരില്ല എന്നത് ഗുജറാത്തിന് ക്ഷീണമാണ്. പ്രവീണ്‍കുമാര്‍ നയിക്കുന്ന ബോളിങ് നിരയില്‍ ബോളിങ് ആക്ഷന്‍ കൊണ്ട് എതിരാളികളെ കബളിപ്പിക്കുന്ന ശിവില്‍ കൗശിക്, ധവാല്‍ കുല്‍ക്കര്‍ണി, ബേസില്‍ തമ്പി തുടങ്ങിയവരാണ് അണിനിരക്കുന്നത്.
രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവാത്തത് ക്ഷീണമാണെങ്കിലും ജയിംസ് ഫോക്നറും ബ്രാവോയുമടങ്ങുന്ന ഓള്‍റൗണ്ടര്‍മാരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇരു ടീമിനും ആയുധപ്പുര സജ്ജം. തീ കൊളുത്തേണ്ട താമസം മാത്രം.