ലോകചാംപ്യന്‍ഷിപ്പിലെ 1500മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഹൈക്കോടതി അത്ലറ്റിക് ഫെഡറേഷന് നിര്‍ദേശം നല്‍കിയെങ്കിലും ഇക്കാര്യം ഇനിയും ഉറപ്പാക്കാന്‍ കഴിയില്ല. ഹൈക്കോടതിവിധിയെ അത്ലറ്റിക് ഫെഡറേഷന് എങ്ങനെ പ്രതിരോധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ചിത്രയുടെ സാധ്യതകള്‍.
ലോകചാംപ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചുവെന്ന മുടന്തന്‍ ന്യായം മാത്രംമതി ഫെഡറേഷന് ചിത്രയുടെ വഴിമുടക്കാന്‍. ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണെന്ന തോന്നലില്‍ സുപ്രീം കോടതിയെ സമീപിക്കാനും ഫെഡറേഷന് സാധിക്കും. എന്നാല്‍ ന്യായം ചിത്രയുടെ ഭാഗത്തായതിനാല് സുപ്രീം കോടതിയില്‍ നിന്ന് ഫെഡറേഷന് അനുകൂലമായ നിലപാടിന് സാധ്യതയില്ല.
ചൊവ്വാഴ്ച്ചക്കുള്ളില്‍ ടീം ലിസ്റ്റ് നല്‍കണമെന്നായിരുന്നു രാജ്യാന്തര ഫെഡറേഷന്റെ നിര്‍ദേശം. ഈ കാരണം മുന്‍നിര്‍ത്തി ചിത്രയെ ഇനി ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഫെഡറേഷന് വാദിച്ചേക്കാം. എന്നാല്‍ രാജ്യാന്തര ഫെഡറേഷന് പ്രത്യേകസന്ദേശമയച്ചാല് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് ഇന്ത്യന്‍ ഫെഡറേഷനിലെ തന്നെ ഉന്നതര്‍ മനോരമന്യൂസിനോട് പറഞ്ഞത്. മാത്രമല്ല രാജ്യാന്തര ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കൂടിയായ എഎഫ്ഐ പ്രസിഡന്റ് ആദില്‍ സുമാരിവാലക്ക് കൃത്യമായി ഇടപെടാന്‍ സാധിക്കും. മലയാളിതാരം ആര്.അനുവിന് ഒളിംപിക്സിന്റെ സമയത്ത് സംഭവിച്ചത് ഈ സംഭവത്തോട് ചേര്‍ത്തുകാണണം. ഒളിംപിക്സിനുള്ള റിലെ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ അനു കോടതിവിധി സമ്പാദിച്ചെങ്കിലും സമയം കഴിഞ്ഞെന്നായിരുന്നു അധികൃതരുടെ മറുപടി.