ഒാസ്ട്രേലിയന്‍ ഒാപ്പണ്‍ ടെന്നിസില്‍ വീണ്ടും അട്ടിമറി. ലോക ഒന്നാംനമ്പര്‍ ആന്‍ഡി മറെ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. അന്‍പതാം സീഡ് ജര്‍മനിയുടെ മിഷാ സവറെവാണ് മറെയെ തോല്‍പ്പിച്ചത്. അഞ്ചാം സീഡ് കെയ് നിഷികോറിയെ തോല്പിച്ച് മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പുറത്തായത് ആന്‍ഡി മറെയുടെ കന്നി ഒാസ്ട്രേലിയന്‍ കിരീടമെന്ന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയിരുന്നു. എന്നാല്‍ അന്‍പതാം സീഡ് താരത്തോട് തോറ്റു മടങ്ങാനാണ് ബ്രീട്ടീഷ് താരത്തിന്റെ വിധി.
ജര്‍മന്‍ താരം മിഷാ സവെറെവ്നോട് നാലു സെറ്റ് പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെ അടിയറവ് പറഞ്ഞത്. നേടാനായത് രണ്ടാം സെറ്റ് മാത്രം. സ്കോര്‍ 7-5 5-7 6-2 6-4.
കഴിഞ്ഞ ഏഴ് ഒാസ്ട്രേലിയന്‍ ഒാപ്പണുകള്ക്കിടയില് ആദ്യമായിട്ടാണ് മറെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. അഞ്ചു വട്ടം ഫൈനല്‍ കളിച്ച മറെ കഴിഞ്ഞ രണ്ടു തവണയും ജോക്കാവിച്ചിനോടു തോറ്റു. 2002 ന് ശേഷം ആദ്യമായിട്ടാണ് ലോക ഒന്നും രണ്ടും താരങ്ങള്‍ ഒാസ്ട്രേലിയന്‍ ഒാപ്പണ്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.