ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് തയാറെടുത്ത് ഇറാനും സ്പെയിനും. ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിയ ഇരുടീമുകളും കഠിന പരിശീലനത്തിലാണ്. ഈ ലോകകപ്പില്‍ കൊച്ചിയിലെ അവസാനത്തെ മല്‍സരമാണ് ഇറാന് സ്പെയിന് ക്വാര്‍ട്ടര്‍ പോരാട്ടം.
ഏഷ്യന്‍ ചാംപ്യന്പാരായ ഇറാനും യൂറോപ്യന്‍ ചാംപ്യന്മാരായ സ്പെയിനും അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ അത് രണ്ടു വന്‍കരകളുടെ പോരാട്ടമാകും. കളിച്ച മല്‍സരങ്ങളെല്ലാം ആധികാരികമായി ജയിച്ചാണ് ഇറാന് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് മല്‍സരത്തില്‍ യൂറോപ്പിലെ കരുത്തന്മാരായ ജര്‍മനിയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്തുവിട്ട ഇറാന് ലോകകപ്പില്‍ ഏഷ്യയുടെ കരുത്തറിയിച്ചുകഴിഞ്ഞു. ലോകകപ്പില്‍ അവസാന എട്ടിലെത്തിയ രാജ്യങ്ങളില്‍ ഏഷ്യയുടെ ഏക പ്രതിനിധിയാണ് ഇറാന്. ടൂര്‍ണമെന്റിലെ കറുത്തകുതിരകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇറാന് സ്പെയിന് കടുത്ത വെല്ലുവിളിയാകും. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചുമുതലായിരുന്നു ഇറാന്റെ പരിശീലനം. മറുവശത്ത് ആദ്യമല്‍സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിയില്‍ നിന്ന് മുക്തരായ സ്പെയിന് ശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. നൈജറിനേയും ഉത്തരകൊറിയയേയും അനായാസം കീഴ്ടക്കിയ സ്പെയിന് പ്രീക്വാര്‍ട്ടര്‍ പ്രവേശം ബുദ്ധിമുട്ടായില്ല.
പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ഫ്രാന്‍സിനെ അവസാന മിനിറ്റിലെ വിവാദ പെനല്‍റ്റി ഗോളില്‍ കീഴടക്കിയാണ് സ്പെയിന് കൊച്ചിയില്‍ ക്വാര്‍ട്ടര്‍ കളിക്കാനെത്തുന്നത്. ഗ്രൂപ്പ് മല്‍സരങ്ങളെല്ലാം കൊച്ചിയിലായിരുന്നു എന്നത് സ്പെയിന് ആത്മവിശ്വാസം പകരുന്നു. പനമ്പിള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് ആറര മുതലായിരുന്നു സ്പെയിന്റെ പരിശീലനം. ക്യാപ്റ്റന്‍ ആബേല്‍ റൂയിസിന്റെ നേതൃത്വത്തില്‍ മികച്ച ഒത്തിണക്കത്തോടെ ചെറിയ പാസുകളുമായി മുന്നേറുന്ന സ്പാനിഷ് ശൈലിയും തിടുക്കത്തിലുള്ള ആക്രമണങ്ങളിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ഇറാനിയന്‍ ശൈലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കൊച്ചിയിലെ മല്‍സരത്തിന് ആവേശമേറുമെന്നുറപ്പ്.