ഗെയിലിന്റെയും കോഹ്ലിയുടെയും തട്ടകമായ ബെംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരേൻ. റോയൽ ചാലഞ്ചേഴ്സ് ബെംഗ്ളൂരുവിനെതിരെയാണ് ഓപ്പണായി ഇറങ്ങിയ നരേന്റെ കിടിലൻ ബാറ്റിങ്. 15 പന്തിൽ അർധ സെഞ്ചുറി നേടിയാണ് നരേൻ ഐപിഎല്ലിലെ വേഗമേറിയ അർധ സെഞ്ചുറിയെന്ന യൂസഫ് പഠാന്റെ റെക്കോർഡിനൊപ്പമെത്തിയത്. 17 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 54 റൺസാണ് നരേൻ അടിച്ചുകൂട്ടിയത്. നാട്ടുകാരനായ സാമുവൽ ബദ്രിയെയാണ് നരേൻ ശക്തമായി ആക്രമിച്ചത്. ബദ്രിയുടെ രണ്ടാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 25 റൺസാണ് അടിച്ചു കൂട്ടിയത്.
നരേനൊപ്പം ഓപ്പണിങ് പാട്നറായി ഇറങ്ങിയ ക്രിസ് ലിനും ഒട്ടും മോശമാക്കിയില്ല. 21 ബോളിൽ ക്രിസ് ലിൻ അർധ സെഞ്ചുറിനേടി. ഇരുവരും ചേർന്ന് കൊൽക്കത്തക്കായി ഐപിഎൽ പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോറും (ആറ് ഓവറിൽ 105/0) സ്വന്തമാക്കി.