ആരേയും അസൂയപ്പെടുത്തും ബോള്‍ട്ടിന്റെ കരിയറിലെ നേട്ടങ്ങള്‍. 2004ല്‍ ആതന്‍സ് ഒളിംപിക്സില്‍ പരാജയമറിഞ്ഞ ശേഷം ബെയ്ജിങ്ങിലാണ് ബോള്‍ട്ട് ലോകത്തെ വിസ്മയിപ്പിച്ചത്. 100 മീറ്റര്‍ ട്രാക്കില്‍ പിന്നീടൊരു തോല്‍വി ബോള്‍ട്ട് നേരിട്ടത് വിരമിക്കല്‍ മല്‍സരത്തിലും.
2008ല്‍ ബെയ്ജിങ് ഒളിംപിക്സിലായിരുന്നു ട്രാക്കിന്റെ ബോള്‍ട്ടിളക്കി ഉസൈന്‍ ബോള്ട്ടെത്തിയത്. ഒട്ടും പരിഭ്രമിക്കാതെ ഏറെ ആസ്വദിച്ച് 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ ദുരം ബോള്‍ട്ട് ഓടിത്തീര്‍ത്തപ്പോള്‍ ലോകം ഞെട്ടിത്തരിച്ചു നിന്നു. ഇതിലും കുറഞ്ഞ സമയം അസാധ്യം എന്നുവരെ പലരും വിധിച്ചു. തൊട്ടടുത്ത വര്‍ഷം ലോക അത്്ലറ്റിക് ചാംപ്യന്‍ഷിപ്പ് ബെര്‍ലിനില്‍. ഫൈനലില്‍ അസഫ പവലും ടൈസണ്‍ ഗേയും ഉള്‍പ്പടെയുളള വമ്പന്‍ എതിരാളികള്‍. പക്ഷേ എല്ലാവരേയും കാഴ്ചക്കാരാക്കി ബോള്‍ട്ടിന്റെ മിന്നല്‍ പ്രകടനം
9.58 സെക്കന്‍ഡില്‍ ബോള്‍ട്ട് വിസ്മയം തീര്‍ത്തപ്പോള്‍ ലോകം കയ്യടിച്ചു. വേഗത്തിന്റെ രാജാവാക്കി. ഇന്നും വേഗത്തിന്റെ ഈ റെക്കോര്‍ഡ് ബോള്‍ട്ടിന്റെ കയ്യില്‍ ഭദ്രം. റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്കുള്ള കുതിപ്പ് ലോകം മുഴുവന്‍ ചര്‍ച്ചയായി. ബോള്‍ട്ടിനെ സഹായിക്കുന്ന ഘടകങ്ങള്‍ ഇഴകീറി പരിശോധിച്ചു. പക്ഷ വിജയത്തുടര്‍ച്ചയില്‍ മുന്നേറിയ ബോള്‍ട്ടിന് ദേഗു അത്്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അടിതെറ്റി. വില്ലന്‍ ഫൗള്‍ സ്റ്റാര്‍ട്ടിന്റെ രൂപത്തില്‍.
എപ്പോഴും വിജയമാഘോഷിച്ച ബോള്‍ട്ടിന്റെ വേറിട്ട മുഖമായിരുന്നു ഇത്. നിരാശനായി. ദേഷ്യപ്പെട്ട് സങ്കടം സഹിക്കാനാകാതെ ബോള്‍ട്ട്. അന്ന് ലോകം മുഴുവനും ബോള്‍ട്ടിനൊപ്പം സങ്കടപ്പെട്ടു. പിന്നീട് 2013, 2015 അത്ലറ്റിക് ചാംപ്യന്‍ഷിപ്പുകളിലും 2012, 2016 ഒളിപിക്സുകളിലും സ്വര്‍ണം നേടി ബോള്‍ട്ട് ലോകത്തിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്നു.