ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പത്ത് വിക്കറ്റിന് തകര്‍ത്തു. 184 റണ്‍സ് വിജയലക്ഷ്യം ക്രിസ് ലിന്നും ഗംഭീറും ചേര്‍ന്ന് പതിനഞ്ചാം ഓവറില്‍ മറികടന്നു. ലിന് 93 റസും ഗംഭീര്‍ 76 റണ്‍സുമെടുത്തു
ഗുജറാത്തിന്റെ സിംഹക്കുട്ടികളെ അവരുടെ മടയില്‍ കയറിച്ചെന്ന് വെല്ലുവിളിച്ചു, എന്നിട്ട് നിലംപരിശാക്കി. ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ പിന്തുടര്ന്ന് നേടുന്ന ഏറ്റവും വലിയ ട്വന്റി 20 ജയം നൈറ്റ് റൈഡേഴ്സിന് സ്വന്തം. കടിച്ചുകീറാനുള്ള മനോഭാവത്തിലായിരുന്നു ക്രിസ് ലിന്. 23 റണ്‍സ് അടിച്ചുകൂട്ടിയ ഡ്വെയിന്‍ സ്മിത്തിന്റെ ഓവറില്‍ തന്നെ ലിന്നിന്റെ അര്‍ധശതകം, അതും 19 പന്തില്‍
റൈഡേഴ്സിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഒന്നാംതരം ക്രിക്കറ്റിങ് ഷോട്ടുകളുമായി ഗംഭീറും ചേര്‍ന്നതോടെ ഓടിയൊളിച്ചു ലയണ്‍സ്. മക്കല്ലത്തിന്റെ വെടിക്കെട്ടോടെ തുടങ്ങിയ ഗുജറാത്ത് ഇന്നിങ്സില്‍ റെയ്നയും ദിനേശ് കാര്‍ത്തിക്കുമാണ് കളം നിറഞ്ഞത്. 68 റണ്‍സ് നേടിയ റെയ്ന ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയപ്പോള്‍ കാര്‍ത്തിക്ക് 47 റണ്‍സുമായി കൂട്ടുനിന്നു. റെയ്നയുടെ ഒരു സിക്സര്‍ ശ്രമത്തെ അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെ നിഷ്പ്രഭമാക്കിയ ട്രെന്റ് ബൌള്‍ട്ടിന്റെ മികവ്ഫീല്ഡിങ് പാഠപുസ്തകങ്ങളില്‍ പോലും ഇടം കണ്ടെത്തും. എന്നാല്‍ ഈ ദൃശ്യം മാറ്റിനിര്‍ത്തിയാല്‍ ഫീല്‍ഡിങ് പിഴവുകളുടെ കൂത്തരങ്ങായിരുന്നു രാജ്കോട്ടിലെ സ്റ്റേഡിയം