കൈവിലങ്ങുമായി രക്ഷപ്പെട്ടു; കവർച്ചാക്കേസ് പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് നഗരത്തില്‍ നിന്ന് കഴിഞ്ഞദിവസം കൈവിലങ്ങുമായി രക്ഷപ്പെട്ട കവര്‍ച്ചാക്കേസ് പ്രതിയെ പെരിന്തല്‍മണ്ണയില്‍ പിടികൂടി. മലപ്പുറം തിരൂര്‍ക്കാട് സ്വദേശി അജ്മലിനെയാണ് ബന്ധുവീട്ടിലെ താമസത്തിനിടെ പൊലീസ് പിടികൂടിയത്. 

കൊടുവള്ളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പില്‍ നിന്നിറങ്ങി അജ്മല്‍ രക്ഷപ്പെട്ടത്. തൊണ്ടയാട് ജംങ്ഷനിലെ തിരക്കില്‍ കൈവിലങ്ങുമായി ഓടിയ അജ്മലിനെ പിടികൂടാന്‍ പൊലീസിനായില്ല. കൈവിലങ്ങ് മറച്ച് ബസ് മാര്‍ഗം പെരിന്തല്‍മണ്ണയിലെത്തി. സുഹൃത്തിന്റെ സഹായത്തോടെ അജ്മല്‍ വിലങ്ങഴിച്ച് ബന്ധുവീട്ടില്‍ തങ്ങുകയായിരുന്നു. അജ്മലിനൊപ്പം പിടിയിലായ മറ്റൊരു പ്രതി പുത്തനത്താണി സ്വദേശി ജുനൈദ് നല്‍കിയ സൂചനയനുസരിച്ചാണ് പൊലീസ് പെരിന്തല്‍മണ്ണയിലെത്തിയത്. അജ്മലിന്റെ വീട്ടില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് താമസസ്ഥലം കണ്ടെത്തിയത്. 

പെരിന്തല്‍മണ്ണ, കൊടുവള്ളി പൊലീസ് സംയുക്തമായി പരിശോധനയില്‍ പങ്കെടുത്തു. പതിനെട്ടിലധികം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ അജ്മല്‍ കഴിഞ്ഞയാഴ്ചയാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. ലഹരിമരുന്നിന് അടിമയായിരുന്ന അജ്മല്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇവിടെ നിന്നാണ് അജ്മലിനെയും ജുനൈദിനെയും പൊലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി റഹീം അപകടദിവസം ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.