ബൈക്കില്‍ അഭ്യാസം; റീല്‍സെടുക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൂട്ടാന്‍ നീക്കം

bike-stunt
SHARE

ഡല്‍ഹിയില്‍ ബൈക്കില്‍ അഭ്യാസം നടത്തി റീലുകള്‍ ചിത്രീകരിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഡല്‍ഹി പൊലീസ്. രണ്ടാഴ്ചയ്ക്കിടെ റോഡില്‍ അഭ്യാസം നടത്തിയ മുപ്പത്തിയഞ്ചോളം പേര്‍ പിടിയിലായതിന് പിന്നാലെയാണ് നടപടി. കര്‍ശന പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു. 

സ്പൈഡര്‍മാനായും സ്പൈഡര്‍ വിമനായും ബൈക്കിലെത്തി വിഡിയോകള്‍ ചിത്രീകരിക്കുന്ന രണ്ടുപേര്‍ കഴിഞ്ഞദിവസമാണ് ഡല്‍ഹിയില്‍ പിടിയിലായത്. വൈറലാകുന്ന വിഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം തന്നെ ഡല്‍ഹിയില്‍ മറ്റൊരിടത്ത് ജിടി റോഡില്‍ ബൈക്ക് സ്റ്റാൻഡിലിട്ട് കസേരയിട്ടിരുന്ന വിരുതനും അറസ്റ്റിലായി. 

ഈ രണ്ട് കേസിലുമായി അറസ്റ്റിലായ മൂന്നുപേരുടെ  ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിച്ചുള്ള വിഡിയോകള്‍ ചിത്രീകരിച്ചതിന് മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മൂവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. വൈറലാകുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കാഴ്ചക്കരുടെ എണ്ണവും അതുവഴി ലഭിക്കുന്ന വരുമാനവുമാണ് എല്ലാവരുടെയും ലക്ഷ്യം. 

പക്ഷേ റോഡില്‍ നിയമലംഘനങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ഇവര്‍ക്ക് വാഹനങ്ങള്‍ തിരികെ നല്‍കിയത്. രണ്ടാഴ്ചയ്ക്ക് മുന്‍പ് പാര്‍ലമെന്‍റ് സ്ട്രീറ്റ്, കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി മുപ്പതോളം ആളുകളെ ഒറ്റരാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ റോഡില്‍ ബൈക്കുമായി റീലെടുക്കാന്‍ എത്തിയവരായിരുന്നു എല്ലാവരും. 

MORE IN Kuttapathram
SHOW MORE