ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: അനുപമയുടെ ജാമ്യാപേക്ഷ തളളി

kollam-case
SHARE

കൊല്ലം ഒായൂരില്‍ ആറുവയസുകാരിയെ തട്ടിെയടുത്ത കേസിലെ മൂന്നാംപ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തളളി. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നിരസിച്ചത്. 

കഴിഞ്ഞവര്‍ഷം നവംബര്‍ ഇരുപത്തിയേഴിന് ഒായൂര്‍ ഒാട്ടുമലയില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍പാര്‍പ്പിച്ച കേസിലെ മൂന്നാംപ്രതിയാണ് പി. അനുപമ. ഇരുപത്തിയൊന്നു വയസുളള അനുപമയെ കൂടാതെ അനുപമയുടെ അച്ഛന്‍ കെ.ആര്‍.പത്മകുമാര്‍, അമ്മ എം.ആര്‍. അനിതകുമാരി എന്നിവര്‍ ജയിലിലാണ്. ഡിസംബര്‍ രണ്ടിന് റിമാന്‍ഡിലായ പ്രതികളില്‍ ആദ്യമായി അനുപമ മാത്രമാണ് കഴിഞ്ഞ പതിനാറിന് കൊല്ലം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകന്റെയും വിശദമായ വാദം കേട്ട കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് പി.എന്‍. വിനോദ് ജാമ്യം നിരസിച്ചു. 

വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യത ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊച്ചുകുട്ടിയെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ധനസമ്പാദ്യം നടത്തണമെന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തത്. പൂയപ്പളളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക. മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വിചാരണനടപടികള്‍ വൈകാതെ തുടങ്ങും.  

MORE IN Kuttapathram
SHOW MORE