ജ്വല്ലറിയിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസ്; രണ്ടുപേർ പിടിയിൽ

gun-theft
SHARE

ചെന്നൈയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. രാജസ്ഥാനിൽ നിന്നും തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞ ഏപ്രിൽ 14 നാണ്  ആവഡി മുത്താളിപേട്ടയിൽ പ്രവർത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയിൽ വൻ കവർച്ച നടന്നത്. പട്ടാപ്പകൽ ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി, കെട്ടിയിട്ടായിരുന്നു കവർച്ച. പ്രദേശവാസിയായ പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള  ജ്വല്ലറി ആറുവർഷമായി പ്രവർത്തിച്ചു വരുന്നതാണ്. ചെറിയ ജ്വല്ലറി ആയതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. ആക്രമണദിവസം കടയിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. പ്രകാശിന്റെ കൈകാലുകൾ കെട്ടിയിട്ട് ജ്വല്ലറിയിൽ ഉണ്ടായിരുന്ന ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങൾ സംഘം കൈക്കലാക്കി. കടയുടെ ഷട്ടർ താഴ്ത്തിയശേഷം സംഘം മടങ്ങി. ഇതോടെ കൈകാലുകൾ കെട്ടിയിട്ട പ്രകാശ് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് കടയ്ക്ക് പുറത്തെത്തി പൊലീസിൽ വിവരമറിയിച്ചത്.

കൊള്ള സംഘം മുഖംമൂടി ധരിക്കാത്തതിനാൽ പ്രതികളുടെ ദൃശ്യം അന്നുതന്നെ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതികളെ രാജസ്ഥാനിൽ നിന്നും പിടികൂടിയത്. ആവഡി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജസ്ഥാൻ സ്വദേശികളായ ചേതൻ റാം, ദിനേശ് കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. രാജസ്ഥാനിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈകാതെ തമിഴ്നാട്ടിൽ എത്തിക്കും.  5 പ്രത്യേക സംഘങ്ങളെ നിയോഗിച്ചുള്ള അന്വേഷണത്തിലാണ് ഒരു മാസത്തിനുള്ളിൽ മുഴുവൻ പ്രതികളും പിടിയിലായത്.

MORE IN Kuttapathram
SHOW MORE