വെടിയേറ്റ് ഗുരുതര പരുക്ക്; എന്നിട്ടും ഭീകരരെ മുൾമുനയിൽ നിർത്തി 'സൂം'

ചിത്രം: ട്വിറ്റർ

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചതിൽ നിർണായക പങ്ക് വഹിച്ചത് പട്ടാളത്തിന്റെ പ്രിയപ്പെട്ട നായ. സൂം എന്ന നായയാണ് ഭീകരരുടെ ഒളിത്താവളത്തിലേക്ക് ഓടിയെത്തി സൈനികർക്ക് സൂചന നൽകിയത്.  

തിങ്കളാഴ്ച രാവിലെയാണ് തങ്ക്പാവയിൽ ഭീകരർ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് സൂമിനെയും കൂട്ടി സൈന്യം തിരച്ചിലിനിറങ്ങി. ഭീകരർ ഒളിച്ചിരുന്ന വീട് തിരിച്ചറിഞ്ഞ സൂം ഓടിക്കയറി ഉറക്കെ കുരയ്ക്കാൻ തുടങ്ങി. ഭീകരർ നടത്തിയ   വെടിവയ്പ്പിൽ സൂമിന് ഗുരുതരമായി പരുക്കേറ്റു. 

സൂമിന്റെ ഇടപെടൽ ഓപറേഷനിൽ നിർണായകമായെന്നും ഗുരുതരമായി പരുക്കേറ്റിട്ടും സൈനികന്റെ ആത്മവീര്യം സൂം പ്രകടിപ്പിച്ചെന്നും സൈനിക വക്താവ് പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ സൂമിനെ സൈന്യത്തിന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ലഷ്കർ ഭീകരരാണ് തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്കും പരുക്കേറ്റു.