ദേവനന്ദയുടെ തിരോധാനത്തിലടക്കം തുമ്പുണ്ടാക്കി; ശ്വാനസേനയിൽ ഇനി റീനയില്ല

കൊല്ലം കെ9 സ്ക്വാഡിൽ ഇനി റീന ഇല്ല. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു കൊല്ലം സിറ്റി കെ–9 സ്ക്വാഡിലെ പൊലീസ് നായയായ റീന . രോഗം മൂർച്ഛിച്ചതോടെ ഇന്നലെ രാത്രിയായിരുന്നു മരണം. മൃതദേഹം വെറ്ററിനറി ആശുപത്രി മോർച്ചറിയിൽ .ട്രാക്കർ ഇനത്തിൽപെട്ട റീന 2014 ജനുവരി 26നാണു ജനിച്ചത്.

2014 ഡിസംബറിൽ കെ9 സ്ക്വാഡിൽ എത്തിയ റീന കേരള പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി 2015 പകുതിയോടെ സേവനം ആരംഭിച്ചു. ദേവനന്ദയുടെ തിരോധനം അടക്കം ജില്ലയിലെ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ തുമ്പ് ഉണ്ടാക്കാൻ റീനയ്ക്കു സാധിച്ചിട്ടുണ്ട്. ലാബ്രഡോർ ഇനത്തിൽ പെട്ട റീനയ്ക്ക് 2021ൽ ഡിജിപിയുടെ എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.

ഔദ്യോഗിക പേര് റീന എന്നാണെങ്കിലും ഉദ്യോഗസ്ഥർ ഇവളെ ഇഷ്ടത്തോടെ ‘അമ്മു’ എന്നാണു വിളിച്ചിരുന്നത്. ‘കെ9 261’ആണു റീനയുടെ നമ്പർ. ശ്രീകുമാർ, അനിൽ എന്നീ ഉദ്യോഗസ്ഥരാണു റീനയുടെ ഹാൻഡ്‌ലേഴ്സ്. സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 10നു സിറ്റി കെ9 സ്ക്വാഡ് ഹെഡ് ഓഫിസിൽ നടക്കും.

Enter AMP Embedded Script