തിരുവനന്തപുരം കരമനയില്‍ 24 കാരനായ അഖിലിനെ ക്രിമിനല്‍ സംഘം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് വോട്ടെടുപ്പ് ദിവസം ബാറില്‍ നടന്ന കയ്യാങ്കളിയില്‍ പ്രതികാരം വീട്ടാനായി. 2019ലെ അനന്തു ഗിരീഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സംഘമാണ് സമാനരീതിയില്‍ അതിക്രൂരകൊലപാതകം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നാല് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. കര്‍ശന നടപടിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കമ്പുകൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം കരിങ്കല്ലുകൊണ്ട് ആവര്‍ത്തിച്ച് തലക്കടിക്കുക..മറയ്ക്കാതെ കാണാനാവാത്ത വിധം പേടിപ്പെടുത്തുന്നതാണ് അഖിലിനെ വീടിന് പരിസരത്തിട്ട് കൊല്ലുന്ന ദൃശ്യങ്ങള്‍.കരമനക്ക് അടുത്ത് കൈമനത്ത് ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം അരങ്ങേറിയത്.
വോട്ടെടുപ്പ് ദിവസം രാത്രി അഖിലും സുഹൃത്തുക്കളും പാപ്പനംകോട്ടെ ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികളുടെ സംഘവുമായുണ്ടായ അടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്ന് അഖിലിന്റെ സുഹൃത്തുക്കളിലൊരാള്‍ പ്രതികളിലൊരാളെ കല്ലെടുത്ത് എറിഞ്ഞു. അതിന്റെ പ്രതികാരമായാണ് കല്ലുകൊണ്ട് ഇടിച്ച് കൊന്നത്. ഒട്ടേറെ കേസുകളില്‍ പ്രതികളും ലഹരിക്കടിമകളുമായ ഈ സംഘം നാടിനെ വിറപ്പിക്കുന്നത് ആദ്യമായല്ല.
2019 മാര്‍ച്ചില്‍ ഉത്സവാഘോഷത്തിനിടയിലെ തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ അനന്തു ഗിരീഷ് എന്ന 21 കാരനെ തട്ടിക്കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിച്ച് കൊന്നതും ഇവര്‍ തന്നെയാണ്. പ്രതികളിലൊരാളുടെ പിറന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടാനായിട്ടായിരുന്നു അന്ന് അനന്തുവിനെ മര്‍ദിച്ചത്. അന്ന് അറസ്റ്റിലായ ഇവര്‍ 112 ാം ദിവസം ജാമ്യത്തിലിറങ്ങി.അഞ്ച് വര്‍ഷമായിട്ടും വിചാരണയുമില്ല. അതേ പ്രതികള്‍ അതേ പൊലീസിന്റെ കീഴില്‍ അതേ ക്രൂരത ആവര്‍ത്തിച്ചതിന്റെ ഞെട്ടലിലും പ്രതിഷേധത്തിലുമാണ് നാട്. പ്രതികള്‍ വന്ന കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.കൊലനടത്തിയവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് കരുതുന്നത്.
Karamana akhil murder case