ലാദനെയും ബഗ്ദാദിയെയും വിറപ്പിച്ചു; സൈന്യത്തിന്റെ വിലയേറിയ ബെൽജിയൻ മലിനോയിസ്

നായയാണ് ഇപ്പോൾ എവിടെയും ചർച്ചാവിഷയം. കുട്ടികളെ വരെ കടിച്ചുകീറി ഭയം വിതയ്ക്കുന്ന നായ്ക്കളെ ശപിക്കുമ്പോൾ നിർണായകഘട്ടങ്ങളിൽ വിലയേറിയ ഇടപെടലുകൾ നടത്തിയ ശ്വാനപ്പടയെയും വിസ്മരിക്കാനാകില്ല. അത്തരത്തിൽ വിലപിടിപ്പുള്ള ശ്വാനവീരൻമാരാണ് ബെൽജിയൻ മലിനോയിസ്. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഒളിത്താവളത്തിലെത്തി തുരുത്തിയിറക്കാനും ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ പിടികൂടാനും സൈന്യത്തിന് പിന്തുണച്ച ഹീറോകൾ.

ഏത് പ്രതിസന്ധിഘട്ടത്തിലും ശത്രുവിനെ വിടാതെ പിന്തുടരുന്ന സ്വഭാവമാണ് ബെൽജിയൻ മലിനോയിസുകൾക്ക്. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണ് ഇവർ.  ആമസോൺ വനത്തിൽ നാലുകുട്ടികളെ കണ്ടെത്താൻ സഹായിച്ച കൊളംബിയൻ സൈന്യത്തിലെ വിൽസൺ എന്ന നായയും ‘ബെൽജിയം’ ഇനത്തിൽപ്പെട്ടവയാണ്. കേരളത്തിലെ ഡോഗ് സ്ക്വാഡിലും ഉണ്ട് ബെൽജിയൻ മലിനോയിസുകൾ. കൂർത്ത ചെവിയും ശൗര്യമുള്ള മുഖവും തവിട്ട് നിറവും ഇവരുടെ രൂപസവിശേഷതകളാണ്. ബെൽജിയത്തിലെ ആട്ടിടയന്മാരുടെ നായ്ക്കളായ ഇവർ 18–ാം നൂറ്റാണ്ടിലാണ് ലോകശ്രദ്ധ നേടിയതെങ്കിൽ 19–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലും പ്രചാരത്തിലായി. 

ഇന്ത്യൻ മിലിറ്ററിയുടെ ശ്വാനപ്പടയിലും മലിനോയിസുകളുണ്ട്. ഏറ്റവും ചുറുചുറുക്കുള്ള നായ്ക്കളാണ് മലിനോയിസ്. നടക്കുമ്പോഴും ഓടുമ്പോഴുമെല്ലാം  കടുവ, സിംഹം, പുലി എന്നിവയെപ്പോലുള്ള മെയ് വഴക്കമാണ്  ഇവർക്കുള്ളത്. ചാടാനും ഓടാനും പെട്ടെന്ന് വെട്ടിത്തിരിയാനും ഉയരത്തിൽ ചാടാനുമെല്ലാം ഒരു അഭ്യാസിയേപ്പോലെ ഇവർക്കാമണംപിടിക്കുന്നതിൽ മിടുക്കരായ ഇവർ ഒളിത്താവളത്തിൽ മനുഷ്യസാന്നിധ്യം, സ്ഫോടക വസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ കണ്ടെത്താൻ മിടുക്കരാണ്. 2020ലെ പെട്ടിമുടി ദുരന്തത്തില്‍ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട ലില്ലിയെന്ന നായയെയാണ് പൊലീസ് ഉപയോഗിച്ചത്.

തടസ്സം എന്തുമായാലും അത് എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്ന ചിന്തയുള്ളതിനാൽ ട്രെയ്നർമാരുടെ പ്രിയ ഇനമാണ് ഇവർ. അതേസമയം  ഉടമയെ തന്റെ വരുതിയാക്കി തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ  ശ്രമിക്കുമെന്നതിനാൽ ആദ്യമായി നായ്ക്കളെ വളർത്താൻ ശ്രമിക്കുന്നവരോ നായ്ക്കളെ അത്ര പരിചയമില്ലാത്തവരോ മലിനോയിസിനെ വാങ്ങാൻ ശ്രമിക്കരുതെന്നാണ് ശ്വാനപരിശീലകരുടെ ഉപദേശം. ഏകദേശം 66 സെന്റി മീറ്റർ നീളവും 32 കിലോ ഭാരവുമുള്ള മലിനോയിസുകളുടെ കുട്ടികള്‍ക്ക് പോലും ഒരു ലക്ഷം രൂപയോളമാണ് വില.