അരുണാചലിലെ ഹെലികോപ്റ്റർ അപകടം; സാങ്കേതിക തകരാറെന്ന് കണ്ടെത്തൽ

അരുണാചലില്‍ മലയാളി അടക്കം 4 സൈനികര്‍ മരിക്കാനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം സാങ്കേത തകരാര്‍. തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് സാങ്കേതിക തകരാറിനെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളിന് അപായസന്ദേശം അയച്ചിരുന്നതായി വ്യക്തമായി. സൈന്യം ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇക്കാര്യം വിശദമായി പരിശോധിക്കും. കാലാവസ്ഥ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പൈലറ്റ് അനുഭവപരിചയമുള്ള വ്യക്തിയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമത്തെ സൈനികനായി തിരച്ചില്‍ തുടരുകയാണ്.

അപ്പര്‍ സിയാങ് ജില്ലയില്‍ ഇന്നലെ രാത്രി 10.43ന് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. 2015ല്‍ സൈന്യത്തിന്‍റെ ഭാഗമായ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ രുദ്രയാണ് അപകടത്തില്‍പ്പെട്ടത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുടെ ഉപയോഗം സൈന്യം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചതായാണ് സൂചന. വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായാണ് നടപടി. അഞ്ചുവര്‍ഷത്തിനിടെ വിമാന, ഹെലികോപ്റ്റര്‍ അപകടങ്ങളിലായി 50ല്‍ അധികം പേരുടെ ജീവനാണ് സൈന്യത്തിന് നഷ്ടമായത്.

Technical failures caused army chopper crash