ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നു; 7പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കേദാര്‍നാഥ് തീര്‍ഥാടകരും പൈലറ്റും അടക്കം ഏഴുേപര്‍ കൊല്ലപ്പെട്ടു. കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങവെ ഗരുഡ് ഛഠി എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്ത:രീക്ഷം മേഘാവൃതമായിരുന്നു. മഞ്ഞുവീഴ്ച്ചയും ശക്തമായ കാറ്റുമുണ്ടായിരുന്നു. 

മലയിടുക്കില്‍ ഇടിച്ച് ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ വ്യോമയാനകമ്പനി ആര്യന്‍ ഏവിയേഷന്‍റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തനിവാരണ സേനയടക്കം രക്ഷാദൗത്യത്തിനായി ഉടന്‍ സംഭവസ്ഥലത്തെത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമിയും വ്യോമയാനമന്ത്രാലയവും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്