പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം അറുപതാക്കി

പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവ്. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായവും ശമ്പളവും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച് എഐവൈഎഫ് രംഗത്തുവന്നു

134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളല്‍ 114 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ചിലതില്‍ പെന്‍ഷന്‍ പ്രായം അറുപത്, ചിലതില്‍ 58. ചില സ്ഥാപനങ്ങളില്‍ തന്നെ, വര്‍ക്കേഴ്സിന് 60, സ്റ്റാഫിന് 58. ഇതെല്ലാം അവസാനിപ്പിച്ച് എല്ലായിടത്തും വിരമിക്കല്‍ പ്രായം 60 ആയി ഏകീകരിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിറിക്കിയ 29 മുതല്‍ തീരുമാനം ബാധകമാണ്. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നിവയിലെ ജീവനക്കാര്‍ക്ക് തല്‍ക്കാലം ഉത്തരവിന്‍റെ ആനുകൂല്യം ലഭിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന് രൂപീകരിച്ച വിദഗ്ധസമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. 

ഈ മൂന്ന് സ്ഥാപനങ്ങളും സേവനമേഖലയിലായതാണ് കാരണമെന്നാണ് റിയാബ് നല്‍കുന്ന വിശദീകരണം.  ഇതേ വിദഗ്ധസമിതിയെ തന്നെ ഈ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമടക്കമുള്ള കാര്യങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തി. നാലുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നാണ് സൂചന. ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിലും ഏകീകരണം ബാധകമാക്കി. ഡയമണ്ട്, സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ തരംതിരിക്കും. 

ഓരോ പട്ടികയിലും ഉള്‍പ്പെട്ട കമ്പനികളിലെ ജീവനക്കാര്‍ക്ക് ഏകീകൃതസ്വഭാവത്തില്‍ ശമ്പളം കിട്ടും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സ്ഥാപനങ്ങളുടെ സ്കോര്‍ പുനഃപരിശോധിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ ഡി.എ കണക്കാക്കാനും തീരുമാനമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയുള്ള തീരുമാനം വന്നതിനു പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.