പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം; പ്രതിഷേധം കടുപ്പിക്കാൻ ഇടത് യുവജനസംഘടനകൾ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയതിനെതിരായ പ്രതിഷേധം സർക്കാർ അവഗണിക്കില്ല. തീരുമാനം പിൻവലിക്കുന്നത് പരിഗണനയിൽ ഇല്ല. എന്നാൽ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്തിയേക്കും. സർക്കാർ തീരുമാനം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു യുവജന സംഘടനകൾ.

പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രമാണ് പെൻഷൻ പ്രായം 60 ആക്കിയതെന്നും സർക്കാർ ജീവനക്കാർക്ക് നടപ്പാക്കില്ലെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിനെ തന്നെ ഡിവൈഎഫ്ഐയും എഐവൈഎഫും എതിർക്കുകയാണ്. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയ സാഹചര്യത്തിൽ ഇടതു യുവജന സംഘടനകളുടെ എതിർപ്പ് സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. മന്ത്രിസഭ എടുത്ത തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയ അനുമതിയുമുണ്ടെന്ന് വ്യക്തം. ഉത്തരവിറക്കുക മാത്രമാണ് ധനവകുപ്പ് ചെയ്തത്. അതിനാൽ തീരുമാനം പിൻവലിക്കുക എളുപ്പമല്ല. എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം 60 ആക്കി എന്ന് യുവജന സംഘടനകളെ ബോധ്യപ്പെടുത്താനാകും ആദ്യ ശ്രമം. ധനമന്ത്രി ബാലഗോപാൽ തലസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളു. സി പി എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളും അടുത്ത ദിവസം തുടങ്ങും. സാഹചര്യം വിലയിരുത്തട്ടെ എന്ന സമീപനമാണ് പാർട്ടി നേതൃത്വത്തിനും. 

സർക്കാർ പ്രശ്നം ചർച്ച ചെയ്യാനെങ്കിലും തയ്യാറായില്ലെങ്കിൽ ഇടതു യുവജന സംഘടനകൾ വെട്ടിലാകും. സമരം ചെയ്യുമെന്ന് പറഞ്ഞത് വെറും വാക്കല്ല എന്ന് എ.ഐ.വൈ.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

strong protest against pernsion age raise of psu employees