കുഴിനഖ ചികില്‍സയ്ക്ക് വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കലക്ടര്‍ക്കെതിരെ ഡോക്ടര്‍മാര്‍

geromic-george-09
SHARE

തിരുവനന്തപുരം കലക്ടര്‍ കുഴിനഖ ചികിത്സക്കായി സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. ഒ.പി ചികിത്സ മുടക്കിക്കൊണ്ടാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്താന്‍ നിര്‍ബന്ധിതനായത്. ജെറോമിക് ജോര്‍ജിന്റെ നടപടി ഫ്യൂഡല്‍ മനോഭാവം നിറഞ്ഞതെന്നും ആവര്‍ത്തിച്ചാല്‍ സമരമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി.

അധികാര ദുര്‍വിനിയോഗത്തിന്റെ ഗുരുതര ആരോപണമാണ് തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കലക്ടര്‍ ഡി.എം.ഒയെ വിളിച്ച് ഒരു ഡോക്ടറെ വീട്ടിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഡി.എം.ഒ വഴങ്ങിയില്ല. പിന്നീട് വീണ്ടും വിളിച്ച് അധികാര ഭാവത്തില്‍ നിര്‍ദേശിച്ചു. അതോടെ ഡി.എം.ഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അങ്ങനെ രോഗികള്‍ ക്യൂ നില്‍ക്കുന്ന ഒ.പിയില്‍ നിന്ന് അവരുടെ ചികില്‍സ മുടക്കിക്കൊണ്ട് ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ക്ക് കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് പോകേണ്ടിവന്നു. കലക്ടറുടെ വീട്ടിലെത്തി വീണ്ടും അരമണിക്കൂറോളം കാത്തിരിപ്പ്. ഒടുവില്‍ കലക്ടറെത്തിയപ്പോള്‍ കുഴിനഖത്തിലെ പഴുപ്പുമാറ്റാനുള്ള ചികില്‍സയ്ക്ക് ഉത്തരവ്.

സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ ജെറോമിക് ജോര്‍ജ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് ആദ്യമല്ല. മൂന്ന് മാസം മുന്‍പ് പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും ഇതുപോലെ വിളിപ്പിച്ചെന്നും പരാതിയുണ്ട്. മെഡിക്കല്‍ കോളജിലടക്കം ഏത് ആശുപത്രിയില്‍ ചെന്നാലും കലക്ടര്‍ക്ക് പ്രത്യേക പരിഗണന കിട്ടുമെന്നിരിക്കെ, വീട്ടുജോലിക്കാരെ പോലെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. പക്ഷെ പ്രതികരിക്കാന്‍ ജെറോമിക് ജോര്‍ജ് തയാറായിട്ടില്ല.

KGMOA against Trivandrum Collector

MORE IN BREAKING NEWS
SHOW MORE