പെൻഷൻപ്രായം ഉയർത്തില്ല; പ്രതിഷേധത്തിൽ മുട്ടുമടക്കി സർക്കാർ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതിലേക്ക് ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഭരണ, പ്രതിപക്ഷ യുവജന സംഘടനകളുടെ എതിര്‍പ്പിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ഉത്തരവ് മരവിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായിവിജയനാണ് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 വയസ്സിലേക്ക് ഉയര്‍ത്താനുള്ള ഉത്തരവ് മരവിപ്പിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രി മന്ത്രിസഭായോഗത്തെ അറിയിക്കുകയായിരുന്നു. യുവജന സംഘടനകളുടെ ആശങ്ക മുഖ്യമന്ത്രി പരാമര്‍ശിച്ചു, കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നു എന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്ന ഉത്തരവ് ധവനകുപ്പ് വീണ്ടും പുറപ്പെടുവിക്കും. 

റിയാബ് ചെയര്‍മാന്‍അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍  എന്നിവ ഏകീകരിക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഒക്ടോബര്‍ 29 ന് ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.ഏകദേശം ഒന്നരലക്ഷം പൊതുമേഖലാ ജീവനക്കാരുടെ സേവനകാലാവധി 60 വയസ്സു വരെ നീട്ടുന്നതായിരുന്നു ഉത്തരവ്. ഇത് പുറത്തുവന്നതോടെ പ്രതിപക്ഷഷ യുവജനസംഘടനകളാണ് ആദ്യം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സിപിഐ ഏനുകൂല യുവജന സംഘടനകളും എതിര്‍പ്പ് അറിയിച്ചു ഏറ്റവും ഒടുവിലായി ഡി.വൈ.എഫ്.ഐയും  ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ചെറുപ്പക്കാരുടെ ജോലിസാധ്യത ഇല്ലാതെയാക്കുന്നുവെന്ന ശക്തമായ പരാതി കണക്കിലെടുക്കാതെ സർക്കാരിന് നിവര്‍ത്തിയില്ലാത്ത സാഹചര്യം വന്നതോടെയാണ് ഉത്തരവ് മരവിപ്പിക്കാനുള്ള തീരുമാനം എടുത്തത്. മാത്രമല്ല ഇത് ആയുധമാക്കി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വ്യക്തമായിരുന്നു. ഇത് രാഷ്ട്രീയമായും വെല്ലുവിളി ഉയര്‍ത്തുമെന്ന അഭിപ്രായം ഇടത് മുന്നണിക്കുള്ളിലും ഉയര്‍ന്നു. ഇതോടെയാണ് വേണ്ട കൂടിയാലോചന ഇല്ലാതെ പെന്‍ഷന്‍പ്രായം 60 ലേക്ക് ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. 

govt hold its decision on pension age at PSU