മന്ത്രിസഭാ പുനഃസംഘടന; ഇടതുമുന്നണിയില്‍ അസ്വസ്ഥത പുകയുന്നു

മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയായതോടെ ഇടതുമുന്നണിയില്‍ അസ്വസ്ഥത പുകയുന്നു. രണ്ടരവര്‍ഷം കഴിഞ്ഞാലും മന്ത്രിസ്ഥാനത്തുനിന്ന് മാറില്ലെന്ന കെ.കൃഷ്ണന്‍കുട്ടിയുടെ നിലപാട് മുന്‍ധാരണയ്ക്ക് വിരുദ്ധമാണെന്നാണ് ജെ.ഡി.എസില്‍ ഒരു വിഭാഗം പറയുന്നത്. മന്ത്രിസ്ഥാനം വേണമെന്ന എല്‍.ജെ.ഡി നിലപാടും ഇടതുമുന്നണിയില്‍ പ്രശ്നം സൃഷ്ടിക്കും.

രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കെ.കൃഷ്ണന്‍കുട്ടി  മന്ത്രിസ്ഥാനത്തുനിന്ന് മാറി മാത്യു ടി.തോമസിനെ മന്ത്രിയാക്കാമെന്നായിരുന്നു ജനതാദള്‍ എസിലെ ധാരണ. 30ന് കൊച്ചിയില്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. എന്നാല്‍ മന്ത്രിസ്ഥാനത്തിനായി മാത്യു ടി.തോമസ് കടുംപിടിത്തം പിടിക്കില്ലെന്നാണ് സൂചന. ദേശീയ നേതൃത്വം കര്‍ണാടകയില്‍ ബി.ജെ.പിയുമായി ധാരണയിലെത്തിയതോടെ ഇടതുമുന്നണിയില്‍ ജെ.ഡി.എസിന്‍റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി.തോമസ് ഇന്നലെ ദേവഗൗഡയെ വിളിച്ച് കേരളഘടകം ഒപ്പമുണ്ടാകില്ല എന്ന് അറിയിച്ചു. കേന്ദ്രനേതൃത്വവുമായി ബന്ധം വിച്ഛേദിച്ചതോടെ കേരളത്തില്‍ ഇനിയെന്ത് എന്ന ചോദ്യം ജെ.ഡി.എസിന് മുന്നിലുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ക്കിടെ മന്ത്രിസ്ഥാനം തര്‍ക്കമാക്കുന്നത് ഗുണം ചെയ്യില്ല എന്ന് മാത്യു ടി.തോമസ് കരുതുന്നു. എന്നാല്‍ കൃഷ്ണന്‍കുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന കടുത്ത നിലപാട് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്.

ഇതിനിടെയാണ് ആര്‍.ജെ.ഡിയുമായി ലയനം പ്രഖ്യാപിച്ചിരിക്കുന്ന എല്‍.ജെ.ഡി മന്ത്രിസ്ഥാനമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനതാദളിന്‍റെ രണ്ട് വിഭാഗങ്ങള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് സി.പി.എം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയിലെ മുന്‍ധാരണപ്രകാരം എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനമില്ല. എന്‍.സി.പിയിലും മന്ത്രിസ്ഥാനത്തെ ചൊല്ലി വീണ്ടും തര്‍ക്കം ഉയര്‍ന്നുകഴിഞ്ഞു. തോമസ് കെ.തോമസിന്‍റെ അവകാശവാദം അനുവദിച്ചുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് എ.കെ.ശശീന്ദ്രന്‍. ചുരുക്കത്തില്‍ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം നിര്‍ണായകമാകുകയാണ്.

discussion of cabinet reshuffle in LDF 

Enter AMP Embedded Script