ബിജെപി സഖ്യവും രേവണ്ണ വിവാദവും നാണക്കേടായി; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജെഡിഎസ് കേരളഘടകം

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജെ.ഡി.എസ് സംസ്ഥാനഘടകത്തില്‍ ആലോചന. ദേശീയ നേതൃത്വം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ രേവണ്ണ വിവാദം നാണക്കേടായതോടെയാണ് കേരളഘടകത്തിന്‍റെ തിരക്കിട്ട നീക്കം. ഇടതുമുന്നണിയലെ മറ്റേതെങ്കിലും ഘടകകക്ഷിയുമായി ലയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

മറ്റന്നാള്‍ തിരുവനന്തപുരത്ത് ജെ.ഡി.എസിന്‍റെ അടിയന്തര ഭാരവാഹിയോഗം വിളിച്ചിരിക്കുകയാണ്. പുതിയ പാര്‍ട്ടി രൂപീകരണമാണ് അജണ്ടയിലുള്ളത്. കൂറുമാറ്റനിരോധന നിയമത്തില്‍ കുരുങ്ങാതെ പുതിയ പാര്‍ട്ടി എങ്ങനെ സാധ്യമാകുമെന്നാണ് സംസ്ഥാന നേതൃത്വം തലപുകയ്ക്കുന്നത്. സംസ്ഥാന കമ്മിറ്റിയൊന്നാകെ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് ലയിക്കുകയാണ് മറ്റൊരു പരിഹാരമാര്‍ഗം. ഇക്കാര്യവും സജീവപരിഗണനയിലുണ്ട്. എന്‍.സി.പിയുമായി ആശയവിനിമയം നടന്നതായി സൂചനയുണ്ടെങ്കിലും ഇരു പാര്‍ട്ടികളുടെയും നേതൃത്വം ഇക്കാര്യം തള്ളിക്കളയുന്നു. സമാജ് വാദി പാര്‍ട്ടിയുമായി ലയിക്കാമെന്ന അഭിപ്രായവും ജെ.ഡി.എസില്‍ ഉണ്ട്. മറ്റന്നാള്‍ ചേരുന്ന ഭാരവാഹിയോഗം ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇടതുമുന്നണിയിലെ ചെറുപാര്‍ട്ടികളുടെ ലയനം എന്ന സി.പി.എമ്മിന്‍റെ നിര്‍ദേശവും പരിഗണനയിലുണ്ട്. 

ലോക്സഭാ തിരഞ്ഞെുപ്പ് ഫലം വരുന്നതുവരെ സംസ്ഥാന നേതൃത്വം കാത്തിരിക്കാനാണ് സാധ്യത. ബി.ജെ.പി ബന്ധത്തെ തുടര്‍ന്ന് ദേവെഗൗഡ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാതെ ജെ.ഡി.എസ് എന്ന നിലയില്‍ തുടര്‍ന്നുപോരുന്നത് ഇടതുമുന്നണിക്ക് മുന്നില്‍ തന്നെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സ്ഥിതിയാണ്. ഇതിന് പിന്നാലെയാണ് ജെ.ഡി.എസിനെ പിടിച്ചു കുലുക്കിയ ലൈംഗിക പീഢന ആരോപണങ്ങളും കേസുകളും സൃഷ്ടിച്ച പ്രതിസന്ധി. ഇതോടെയാണ് ഇനി കാത്തിരിക്കാനാവില്ലെന്ന സ്ഥിതിയിലേക്ക് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം എത്തിയത്.

JDS Kerala unit to form new party