ആമയൂർ സ്കൂളിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകൾ; കയ്യടി

uss
SHARE

പരിമിതികളോട് പോരാടി യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി പട്ടാമ്പി ആമയൂർ സ്കൂളിന് അഭിമാനമാവുകയാണ് അതിഥി തൊഴിലാളിയുടെ മകൾ പ്രിയാംശു ചൗധരി. മലയാളി കുട്ടികളെ പിന്തള്ളിയാണ് ഉത്തർപ്രദേശുകാരിയായ ഈ കൊച്ചുമിടുക്കി ഉന്നതവിജയം കരസ്ഥമാക്കിയത്.

വര്‍ക് ഷോപ്പിനോട് ചേര്‍ന്നുള്ള ഷീറ്റ് മേഞ്ഞ ഷെഡാണ് പ്രിയാംശു ചൗധരിയുടെ പഠനമുറി. പരിമിതിയൊന്നും കുഞ്ഞ് കണ്ടതായി നടിച്ചില്ല. നന്നായി പഠിച്ചു. മികച്ച വിജയം സ്വന്തമാക്കി. അതും പത്തരമാറ്റ് തിളക്കത്തോടെ. സ്കൂളിൽനിന്ന് ഇത്തവണ പത്തുപേരാണ് യു.എസ്.എസ് പരീക്ഷയെഴുതിയത്. ഇതിൽ വിജയം കരസ്ഥമാക്കിയത് ഏഴാം ക്ലാസുകാരി പ്രിയാംശു ചൗധരി മാത്രം. ഉത്തർ പ്രദേശുകാരനായ അനിൽ ചൗധരിയുടെയും രഞ്ജനയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് പ്രിയാംശു. അഞ്ചാം ക്ലാസ് മുതൽ ആമയൂർ സ്കൂളിലാണ് പഠിക്കുന്നത്. സ്കൂളിന്റെയും നാടിന്റെയും പ്രിയപ്പെട്ടവളായി മാറുന്നതിൽ ഏറെ അഭിമാനമെന്ന് പ്രിയാംശു. 

എട്ട് വർഷം മുൻപാണ് കുടുംബം തൊഴില്‍ തേടി ആമയൂരിലെത്തിയത്. വര്‍ക് ഷോപ്പ് തൊഴിലാളിയാണ് പിതാവ്. ഈ വർക് ഷോപ്പിൽ തന്നെയാണ് കുടുംബം കഴിയുന്നത്. സഹോദരൻ ധുബ്യാംശു ചൗധരി ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി പ്രിയങ്ക പട്ടാമ്പി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പത്താം കളാസിൽ പഠിക്കുന്നു. എല്ലാ വിഷയങ്ങളിലും മികവോടെ പഠിച്ച് മുന്നേറുന്ന മിടുക്കിയായ പ്രിയാംശുവിന്റെ നേട്ടത്തില്‍ അധ്യാപകര്‍ക്കും അഭിമാനം. 

uss exam rank holder story

MORE IN KERALA
SHOW MORE