ഡൽഹിയിലേക്ക് താമസം മാറണം; സഹായം അഭ്യർത്ഥിച്ച് ഹാത്രസ് കുടുംബം

സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലേക്ക് താമസം മാറാന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ച് ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം. കേസിന്റെ വിചാരണയും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു.  അതേസമയം, ഹാത്രസ് കേസില്‍ യു.പി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണംസംഘം അന്വേഷണം അവസാനിപ്പിച്ചു. സര്‍ക്കാരിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.  

സുരക്ഷാഭീഷണി തന്നെയാണ് ഡല്‍ഹിയിലേക്ക് മാറാനുള്ള ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നിലെ പ്രധാനകാരണം. ഇതിന് സര്‍ക്കാരിന്റെ സഹായം വേണം. എവിടെയാണെങ്കിലും സുരക്ഷിരായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. 

അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കിയ എസ്.ഐ.ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ളു ബന്ധമുണ്ടായിരുന്നോയെന്നാണ് ആഭ്യന്തരസെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെയും ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെയും നേതൃത്വത്തിലുള്ള എസ്.ഐ.ടി പ്രധാനമായും പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ഫോണ്‍ റെക്കോ‍ഡുകളും ശേഖരിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സന്ദീപും പെണ്‍കുട്ടിയുടെ സഹോദരനും തമ്മില്‍  അഞ്ചുമാസത്തിനിടെ 104 തവണ ഫോണ്‍ സംസാരിച്ചെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. നിലവില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐയും എസ്.ഐ.ടിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കും. അതേസമയം, പെണ്‍കുട്ടിയുടെ സഹോദരന്മാരെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന