'നിർഭയ'യില്‍ ഒന്നും അവസാനിച്ചില്ല; പിന്നി‌ട്ട 10 വര്‍ഷം രാജ്യത്തെ ഞെട്ടിച്ച ബലാൽസംഗക്കേസുകൾ

നിര്‍ഭയയ്ക്ക് ശേഷവും മനസ് മരവിപ്പിക്കുന്ന ബലാ‍ല്‍സംഗക്കൊലകള്‍ രാജ്യത്ത് തുടരുകയാണ്. പലതും ഡല്‍ഹി സംഭവത്തേക്കാള്‍ പൈശാചികമായവ. നിര്‍ഭയ കേസിന്റെ പത്താം വാര്‍ഷികത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമുണ്ടായ, വലിയ തോതില്‍ ജനരോഷമുയര്‍ന്ന കേസുകളില്‍ ചിലത്.

ശക്തി മില്‍ റേപ് കേസ്  - 22 ഓഗസ്റ്റ്, 2013

തെക്കന്‍മുംബൈയില്‍ ഫൊട്ടോ ജേണലിസ്റ്റായ 22 കാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുള്‍പ്പടെ അഞ്ചുപേര്‍ ബലാല്‍സംഗം ചെയ്തു. ജോലിയുടെ ഭാഗമായി ശക്തിമില്ലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയപ്പോഴാണ് സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികള്‍ക്ക് മൂന്നുവര്‍ഷം റിഫോം സെന്ററില്‍ താമസിപ്പിക്കലും ശിക്ഷ.

ബദൂന്‍ കൂട്ടബലാല്‍സംഗം - 27 മെയ്, 2014 

ഉത്തര്‍പ്രദേശിലെ കത്ര ഗ്രാമത്തില്‍ നിന്നും രണ്ട് സഹോദരിമാരെ കാണാതായി. പരാതിയുമായി കുടുംബം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തൊട്ടടുത്ത ദിവസം മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സിബിഐ ഏറ്റെടുത്തശേഷം കേസ് താറുമാറായി. രാജ്യാന്തര തലത്തിലുണ്ടായ നാണക്കേട് മറയ്ക്കാന്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണമുയര്‍ന്നു.

 ഉന്നാവ് കേസ് : 4 ജൂലൈ, 2014

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനേഴുകാരി ബലാല്‍സംഗം ചെയ്യപ്പെട്ടു. 2019 ല്‍ ബിജെപി നേതാവായ കുല്‍ദീപ് സിങ് സെംഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിലും കുല്‍ദീപ് സെംഗാറിന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 2019 ല്‍ അതിജീവിതയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിപ്പിച്ചും അപകടമുണ്ടാക്കി. രണ്ട് ബന്ധുക്കള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റെങ്കിലും പെണ്‍കുട്ടി രക്ഷപെട്ടു.

 കഠ്‍വ കേസ് : 10–15 ജനുവരി, 2018

ജമ്മു കശ്മീരിലെ കഠ്​വ​യില്‍ നാടോടി കുടുംബത്തില്‍പ്പെട്ട എട്ടുവയസുള്ള മുസ്‍ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. എട്ട് പ്രതികളില്‍ മൂന്നുപേര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പൂജാരിയായിരുന്ന സാഞ്ജിറാം ആണ് മുഖ്യപ്രതി. പൊലീസുകാരായ മൂന്നുപ്രതികളെ തെളിവുനശിപ്പിച്ചതിന് അഞ്ചുവര്‍ഷം വീതം തടവിന് ശിക്ഷിച്ചു. പ്രതികളില്‍ ഒരാളെ തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിക്ക് കൈമാറിയെങ്കിലും സുപ്രീംകോടതി ഇയാളെ പ്രായപൂര്‍ത്തിയായ ആളായിത്തന്നെ വിചാരണ ചെയ്യണമെന്ന് ഉത്തരവിട്ടു.

 ഹാത്രസ് കേസ് : 14 സെപ്റ്റംബര്‍, 2020

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. മാരകമായി മുറിവേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പൈശാചികമായ കുറ്റകൃത്യം നടന്ന പത്ത് ദിവസത്തിലേറെ പൊലീസ് നിഷ്‌ക്രിയമായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പരസ്യമായ ശ്രമമുണ്ടായി. വീട്ടുകാരുടെ സമ്മതമില്ലാതെ പൊലീസ് ബലമായി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്യവ്യാപക പ്രതിഷേധം കേസില്‍ ഉയര്‍ന്നു. യുപി പൊലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സിബിഐ കുറ്റപത്രം നല്‍കി. വിചാരണ തുടരുന്നു. പെണ്‍കുട്ടിയുടെ കുടുംബം അനുഭവിക്കുന്ന യാതനകള്‍ തുടരുന്നു.

 

ബല്‍റാംപുര്‍ കേസ് : 29 സെപ്തംബര്‍ 202

ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ 22 വയസുള്ള ദലിത് യുവതി അതിക്രൂരമായ കൂട്ടബലാല്‍സംഗത്തിനും ആക്രമണത്തിനും ഇരയായി കൊല്ലപ്പെട്ടു. ഇരയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഫൊറന്‍സിക് സര്‍ജന്മാരെപ്പോലും നടുക്കി. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വിചാരണ തുടരുന്നു.

നിര്‍ഭയ കൊല്ലപ്പെട്ടതിന് മുന്‍പും പെണ്‍കുട്ടികള്‍ പൈശാചികമായി കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2012 ല്‍ രാജ്യമെങ്ങും അലയടിച്ച സ്വഭാവിക പ്രതിഷേധവും രോഷവും സമൂഹത്തില്‍ കാര്യമായ മാറ്റത്തിന് കാരണമാകുമെന്ന് കരുതിയവര്‍ ഇന്ന് നിരാശപ്പെടുന്നുണ്ടാകണം. കാരണം ഡല്‍ഹി സംഭവത്തേക്കാള്‍ പൈശാചികവും പ്രതികാര മനോഭാവത്തോടെയുമുള്ള ക്രൂരതകളാണ് പെണ്‍കുട്ടികള്‍ക്കുനേരെ രാജ്യത്തിന്റെ പലയിടത്തും അരങ്ങേറിയത്. ജാതിയും പ്രണയപ്പകയും പ്രതികാരവും ലഹരിയുമെല്ലാം ചിന്തിക്കാന്‍ പോലും കഴിയാത്ത ക്രൂരതകള്‍ക്കാണ് വഴിവച്ചത്. പൊലീസ് വരുത്തുന്ന വീഴ്ചകളും നഗ്നമായ നിയമലംഘനങ്ങളുമാണ് മിക്ക കേസുകളിലും പ്രതികള്‍ക്ക് തുണയാകുന്നത്. തെളിവുനശിപ്പിക്കലിന് ശിക്ഷിക്കപ്പെട്ട പൊലീസുകാരുടെ എണ്ണം തന്നെ ഇതിന് തെളിവ്. പല പ്രധാന കേസുകളിലും പ്രതികളെ വെറുതേവിടാന്‍ കോടതികള്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന സാഹചര്യവും ഇങ്ങനെയാണുണ്ടാകുന്നത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വര്‍ധന നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന സര്‍ക്കാരുകള്‍ പൊലീസിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ അതിനേക്കാള്‍ കരുത്തോടെ രംഗത്തിറങ്ങുന്നതും കണ്ടു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ഇതിലൊക്കെ എത്രയോ അധികമാണെന്ന് അതിജീവിതകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുമ്പോള്‍ ഡല്‍ഹി പെണ്‍കുട്ടിക്ക് നല്‍കിയ നിര്‍ഭയ എന്ന പേരുതന്നെ നിസ്സഹായമാകുകയാണ്.