17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാക്കളെ തല്ലിക്കൊന്ന് നാട്ടുകാർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാര്‍.  മേഘാലയയിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍  വീട്ടില്‍ കയറിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അകത്ത് കടന്ന യുവാക്കള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ ഉടനെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെയും നാട്ടുകാര്‍ പിടികൂടി. സംഭവം അറിഞ്ഞ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകള്‍ പെണ്‍കുട്ടിയുടെ വീടിനരികില്‍ തടിച്ചുകൂടിയിരുന്നു. ഏകദേശം 1500ഓളം ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവച്ച് നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാര്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. ഗ്രാമത്തിലെ സാമുദായിക നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തുന്നതിനിടെ, നാട്ടുകാര്‍ ഹാളിനകത്തേക്ക് ഇരച്ചുകയറി വീണ്ടും യുവാക്കളെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച രണ്ട് യുവാക്കളും നോങ്തിലെ തൊഴിലാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

2 Men Mob Lynched In Meghalaya After Minor Alleges Rape Attempt