'നിങ്ങളെന്‍റെ കുടുംബവും വീടുമായിരുന്നു'; വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചതിനു പിന്നാലെ സമൂഹമാധ്യമത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് ഇവാൻ വുകോമാനോവിച്ച്. സെർബിയക്കാരനായ വുകോമാനോവിച്ച് 2021ലാണ് ക്ലബിനൊപ്പം ചേര്‍ന്നത്. നിരവധി ചരിത്ര നേട്ടങ്ങള്‍ കൈവരിച്ച ശേഷമാണ് ആരാധകര്‍ ഇവാന്‍ ആശാനെന്ന് സ്നേഹത്തോടെ വിളിക്കുന്ന വുകോമാനോവിച്ചിന്‍റെ പടിയിറക്കം. 

ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ വുകോമാനോവിച്ചും കേരളാ ബ്ലാസ്റ്റേഴ്‌സും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞെന്ന് മാനേജ്മെന്‍റ് സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് വുകോമാനോവിച്ച് സമൂഹമാധ്യമം വഴി ഒരു പ്രതികരണം നടത്തുന്നത്. ഇപ്പോഴിതാ ഇവാന്‍ വുകോമാനോവിച്ചിന്‍റെ വൈകാരിക കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കേരളക്കരയോടും ഇവിടുത്തെ ജനങ്ങളോടും ഉളളുനിറഞ്ഞ സ്നേഹമാണെന്ന് തുറന്നുകാട്ടുകയാണ് വുകോമാനോവിച്ചിന്‍റെ കുറിപ്പ്. 

വുകോമാനോവിച്ച് പങ്കുവച്ച കുറിപ്പ്: 

'പ്രിയപ്പെട്ട കേരളത്തിന്,

കണ്ണുനിറയാതെ ഈ വാക്കുകള്‍ എഴുതുവാന്‍ എനിക്ക് കഴിയുന്നില്ല. ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനായി നമുക്ക് ചിലപ്പോൾ ചില തീരുമാനമെടുക്കേണ്ടി വരും. എന്നെ സംബന്ധിച്ചും ക്ലബിനെ സംബന്ധിച്ചും രാജിവെക്കാനുള്ള തീരുമാനം കഠിനമായിരുന്നു. കേരളത്തിലെത്തിയ നിമിഷം മുതൽ ബഹുമാനവും പിന്തുണയും സ്നേഹവും നന്ദിയും ഞാന്‍ അനുഭവിച്ചു. ഈ നാടിനോടും ആള്‍ക്കാരോടും വൈകാരികമായൊരു ഹൃദയബന്ധമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞു. എന്‍റെ മനസിനും ഹൃദയത്തിനും സമാധാനം ലഭിച്ചു. ഇവിടം ഒരു കുടുംബം പോലെ എനിക്ക് തോന്നി. എല്ലാവരും എന്നെ അംഗീകരിക്കുന്നതായി തോന്നി. അതിശയിപ്പിക്കുന്ന ഒരു ജനതയുടെ ഭാഗമാണ് ഞാനെന്ന് തോന്നി. എന്റെ കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് തോന്നിപ്പിക്കാതിരുന്നതിന് എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളെനിക്ക് കുടുംബവും വീടുമായി മാറി' എന്നു തുടങ്ങുന്ന ഹൃദയഹാരിയായ കുറിപ്പായിരുന്നു വുകോമാനോവിച്ച്  പങ്കുവച്ചത്. 

'ജീവിതത്തില്‍ എവിടെ വച്ചെങ്കിലും നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെന്ന് നമുക്കറിയാം. കേരള ഐ ലവ് യൂ, എന്ന് നിങ്ങളുടെ ഇവാന്‍ ആശാന്‍' എന്നുപറഞ്ഞുകൊണ്ടാണ് ഇവാൻ വുകോമാനോവിച്ച് തന്‍റെ നീണ്ട കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ഇവാന്‍ ആശാന് നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും രംഗത്തെത്തുകയാണ് ആരാധകവൃന്ദം. 

'You became my family, my home';  Ivan Vukomanovic with emotional note after resignation