പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്; ഹൈക്കോടതി

പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവങ്ങളിലെ ഗർഭഛിദ്രത്തിൽ നിർണായകനിരീക്ഷണവുമായി ഹൈക്കോടതി. ഇത്തരം സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമത്തിനിരയായി ഗർഭിണി ആയാൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്നും കോടതി പറഞ്ഞു. 

പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ചവരെയുള്ള ഗർഭം അലസിപ്പിക്കാനെ നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ ഗർഭം തുടരുന്നത് പെൺകുട്ടിയുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലെ അവസ്ഥ സ്വീകരിക്കാവുന്ന മാനസികനിലയിലല്ല പെൺകുട്ടി. കൂടാതെ, പിന്നാക്ക, ദരിദ്ര കുടുംബത്തിൽനിന്നുള്ളയാളുമാണ്. ഇക്കാര്യങ്ങളെല്ലാം കോടതി കണക്കിലെടുത്താണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ബലാൽസംഗത്തിന് ഇരയായി ഗർഭിണിയായ യുവതിയെ, തന്നെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പത്തൊൻപതുകാരനായ കാമുകനാലാണ് പെൺകുട്ടി ഗർഭിണിയായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. നിലവിൽ ചൈൽഡ് കെയർ ഹോമിലാണ് പെൺകുട്ടിയുള്ളത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കിൽ ആവശ്യമായ എല്ലാ പരിചരണവും നൽകണമെന്നും ഹർജിക്കാരി കുട്ടിയെ ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.

Kerala HC allows rape survivor to abort her foetus