ഹാത്രസ് കേസില്‍ 3 പേരെ വെറുതെവിട്ടു; ‘ബലാല്‍‌സംഗത്തിനും കൊലയ്ക്കും തെളിവില്ല’

ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ വെറുതെവിട്ടു. ഒരു പ്രതിക്ക് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും, പട്ടികജാതി–പട്ടിക വര്‍ഗ പീഡന നിരോധന നിയപ്രകാര കുറ്റത്തിനും ജീവപര്യന്തം തടവ് വിധിച്ചു. നാല് പ്രതികള്‍ക്കെതിരെയും കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്കുള്ള തെളിവില്ലെന്ന് ഹാത്രസ് ജില്ലാ കോടതി പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്താണ് നാല് പ്രതികള്‍ക്കെതിരെയും സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ‌നാല് പ്രതികളെയും ഈ കുറ്റങ്ങള്‍ പ്രകാരം ശിക്ഷിക്കാന്‍ തെളിവുകളില്ലെന്ന് ഹാത്രസ് ജില്ലാ കോടതി വിധിച്ചു. മുഖ്യപ്രതി സന്ദീപിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയും, പട്ടി ജാതി–പട്ടിക വര്‍ഗ നിരോധന നിയപ്രകാരമുള്ള കുറ്റവും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്താനത്തില്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബാക്കി പ്രതികളായ രവി, ലവ് കുഷ്, രാമു എന്നിവരെ പൂര്‍ണമായും കുറ്റവിമുക്തരാക്കി. 

2020 സെപ്റ്റംബറിലാണ് ഹാത്രസില്‍ ദലിത് പെണ്‍കുട്ടി കൊടും കൂര്രതയ്ക്ക് ഇരയായത്. തുടക്കത്തില്‍ കേസ്  പോലുമെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമുയര്‍ന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് അര്‍ധരാത്രി സംസ്കരിച്ചത് രാജ്യമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചു. പരമോന്നത കോടതിക്കുവരെ ഇടപടേണ്ടിവന്നു. ഈകേസിലാണ് പ്രതികള്‍ ശിക്ഷിപ്പെടാതെ  പോകുന്നത്.

Hathras rape-murder case: Court acquits 3, holds one guilty