തുടര്‍ച്ചയായ ഏഴാം ദിനവും വായു നിലവാരം മോശം; കാറ്റിനും വേഗത കുറഞ്ഞ് ഡല്‍ഹി

ഡൽഹിയിലെ വായു നിലവാരം  മോശം അവസ്ഥയിൽ തുടരുന്നു. വായു നില വാര സൂചിക 350 നും 400 നും ഇടയിലാണ്. ദീപാവലിക്ക് ശേഷം കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണ തോത് ഉയരാൻ കാരണമായി.

തുടർച്ചയായി ഏഴാം ദിവസമാണ് ഡൽഹിയിലെ വായു നിലവാരം മോശമായി തുടരുന്നത്.ആനന്ദ് വിഹാർ, നരേല , അശോക് വിഹാർ ,ജഹാൻഗീർ പുരി എന്നിവിടങ്ങളിൽ വായു നിലവാര സൂചിക 400 കടന്ന് ഗുരുതരാവസ്ഥയിലെത്തി.താപനില 14 വരെ താഴ്ന്നു. 

 കാറ്റിന്റെ വേഗത കുറഞ്ഞതും അന്തരീക്ഷ മലിനീകരണ തോത് മാറ്റമില്ലാതെ തുടരാൻ കാരണമായി. നിയന്ത്രണങ്ങൾ മറികടന്ന് NCR ലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് സ്ഥിതി ഗുരുതരമാക്കി. വയലുകൾ കത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരുകൾ അവർത്തിച്ചു. മലിനീകരണം കുറക്കാൻ റെഡ് ലൈറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ് ക്യാമ്പയിന് ഗവർണർ ഉടൻ അനുമതി നൽകണമെന്ന് കെജ് രിവാൾ സർക്കാർ ആവശ്യപ്പെട്ടു.