കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഭാരതപ്പുഴയിലെ മീറ്റ്ന തടയണയിലേക്ക് വെള്ളമെത്തിച്ചു

meetna
SHARE

വറ്റിവരണ്ട ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിലേക്കു ഗായത്രിപ്പുഴയിൽ നിന്നു വെള്ളമെത്തിച്ചു. ജലവിതരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ നഗരസഭാധികൃതർ മന്ത്രി കെ.രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയെ തുടർന്നാണു നടപടി. ഇതോടെ കുടിവെള്ള വിതരണ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.

ഗായത്രിപ്പുഴയിൽ കൊണ്ടാഴി ഭാഗത്ത് വൻതോതിൽ കെട്ടിനിന്നിരുന്ന വെള്ളമാണ് തടയണയിൽ എത്തിച്ചത്. കൊണ്ടാഴിയിൽ പാലം നിർമാണം നടക്കുന്ന പ്രദേശത്തായിരുന്നു പുഴയിൽ വലിയ വെള്ളക്കെട്ട്.

ഒന്നര കിലോമീറ്റർ അകലെ നിന്ന് യന്ത്രസഹായത്താൽ ചാലെടുത്ത് പൈപ്പ് വഴിയാണു വെള്ളം തടയണ പ്രദേശത്തേക്ക് എത്തിച്ചത്. ഇതോടെ ഒരാഴ്ചത്തേക്കു പമ്പ് ചെയ്യാനുള്ള വെള്ളം സംഭരിക്കാനായി. അടുത്ത ദിവസങ്ങളിൽ വേനൽമഴ കനിയുകയോ മലമ്പുഴ ഡാമിൽ നിന്നു വെള്ളമെത്തുകയോ ചെയ്താൽ പ്രതിസന്ധി നീങ്ങും. 

നിലവില്‍ മീറ്റ്നയിലേക്ക് വെള്ളം കിട്ടിയത് വലിയ ആശ്വാസമാണ്. ഒറ്റപ്പാലം നഗരസഭയിലും അനുബന്ധ പഞ്ചായത്തുകളിലും കുടിവെള്ള പ്രതിസന്ധിയില്ലാതെ നോക്കാന്‍ കഴിയും.  ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്രശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണ് മീറ്റ്ന തടയണ. വേനൽ പരിഗണിച്ചു നിലവിൽ ഒരു മോട്ടർ മാത്രം ഉപയോഗിച്ചാണ് പമ്പിങ് നടക്കുന്നത്. മേഖലകളാക്കി തിരിച്ചാണു ജലവിതരണം.

Water Brought From Gayathrippuzha To Meetna Barrage

MORE IN KERALA
SHOW MORE