വിഴിഞ്ഞം തുറമുഖ പദ്ധതി: അദാനി ഗ്രൂപ്പിന് സമയം നീട്ടിനല്‍കേണ്ടെന്ന് റിപ്പോർട്ട്

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണസമയം നീട്ടിനല്‍കേണ്ടെന്ന് സ്വതന്ത്രപരിശോധകരായ സ്റ്റുപ് കണ്‍സള്‍ട്ടന്റ്സിന്റെ റിപ്പോര്‍ട്ട്. നിര്‍മാണം വേഗത്തിലാക്കിയാല്‍ മുന്‍നിശ്ചയിച്ച സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാകും. റിപ്പോര്‍ട്ടിന്‍മേല്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഓഖി ചുഴലിക്കാറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ തുറമുഖ നിര്‍മാണത്തിന് 16 മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്തയച്ചിരുന്നു.

ഇതെ തുടര്‍ന്നാണ് സ്വതന്ത്രപരിശോധകരായ സ്റ്റുപ് കണ്‍സള്‍ട്ടന്റ്സ് നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓഖിയില്‍ തകരാറിലായ രണ്ട് ഡ്രഡ്ജറുകള്‍ തിരികെയെത്തിയാലും കാലവര്‍ഷം അവസാനിച്ചശേഷം ഒക്ടോബര്‍ മാസത്തിലേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാകൂ എന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. 

രണ്ട് ഡ്രഡ്ജറുകള്‍ കൂടി പദ്ധതി പ്രദേശത്ത് എത്തിക്കണമെന്ന് സ്റ്റുപിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പാറ ക്ഷാമം പരിഹരിക്കുന്നതിന്, കടല്‍വഴി പാറ എത്തിക്കാന്‍ കൂടുതല്‍ ബാര്‍ജുകള്‍ ഉപയോഗിക്കണം.നിര്‍മാണത്തിന്റെ വേഗം വര്‍ധിപ്പിച്ചാല്‍ അടുത്തവര്‍ഷം ഡിസംബര്‍ നാലിന് തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാകും.റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ നിലപാട് അറിയിക്കും.

പദ്ധതി വൈകിപ്പിക്കാനാവില്ലെന്നും സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനിയില്‍ നിന്ന് പിഴയീടാക്കുമെന്നും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.