വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെ കൈകോര്‍ത്ത് സി.പി.എമ്മും ബി.ജെ.പിയും. പ്രാദേശിക ജനകീയ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷും വേദി പങ്കിട്ടു. വിഴിഞ്ഞം സമരത്തിനെതിരെയുള്ള സമാധാനപരമായ സമരങ്ങള്‍ക്ക് സി.പി.എം പിന്തുണയുണ്ടാകുമെന്ന് ആനാവൂര്‍ നാഗപ്പനും കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണെന്ന് വി.വി.രാജേഷും പറഞ്ഞു.

ബി.ജെ.പിയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്നു എന്നു പറയുന്ന സി.പി.എമ്മാണ് വിഴിഞ്ഞം സമരത്തിനെതിരെ അവരുമായി കൈകോര്‍ത്തത്. മുല്ലൂരില്‍ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ച ലോങ് മാര്‍ച്ചിലാണ് എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ ഒരുമിച്ചത്. വിഴിഞ്ഞം സമരപ്പന്തല്‍ പൊളിച്ചുനീക്കുക, പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞം തുറമുഖം പ്രാദേശിക ജനകീയ കൂട്ടായ്മയാണ് ലോങ് മാര്‍ച്ച് നടത്തിയത്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റു ചില താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച ആനാവൂര്‍ നാഗപ്പന്‍ അതിനെതിരായ സമരങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സമരങ്ങള്‍ക്ക് പരിധിയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ വി.വി.രാജേഷ് പദ്ധതി കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പാക്കുന്നതാണെന്നും ഓര്‍മിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തോട് വ്യത്യസ്ത കാരണങ്ങളാല്‍ സി.പി.എമ്മിനും ബി.ജെ.പിക്കും  വിയോജിപ്പുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ തന്നെ അത് യോജിച്ച് പരസ്യപ്പെടുത്തുന്നത് ഇതാദ്യം. കോണ്‍ഗ്രസുകാരിയായ മുല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഓമനയും സമരത്തില്‍ പങ്കെടുത്തിരുന്നു.