ഇന്ത്യയിലേക്കില്ല; 'തിരക്കിനിടയിലും' ചൈനയിലെത്തി ഡീലുറപ്പിച്ച് മസ്ക്; തിരിച്ചടി?

elon-musk-meet-china-prime-minister
SHARE

ഇന്ത്യൻ സന്ദർശനം റദ്ദാക്കിയ ടെസ്‍ല സിഇഒ ഇലോൺ മസ്ക് ചെെനയിലെത്തി. ചൈനീസ് സമതിയുടെ ക്ഷണപ്രകാരം ചൈനയിലെത്തിയ മസ്ക് ഇന്നലെ പ്രധാനമന്ത്രി ലീ ക്വിയാങ്ങുമായി ചർച്ച നടത്തി. ഇടി‍യുന്ന ചൈനീസ് വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ നിർണായകമായ ഡീലുറപ്പിച്ചെന്നാണ് റിപ്പോർട്ട്. ചൈനയിൽ ടെസ്‍ല വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതിക വിദ്യയ്ക്ക് സർക്കാർ അനുമതി നേടാനായത് വലിയ വിജയമായാണ് കണക്കാക്കുന്നത്. ചൈനീസ് വിപണിയിലെ കടുത്ത മൽസരവും വിൽപ്പന കുറഞ്ഞതും കാരണമുള്ള പ്രതിസന്ധി തരണം ചെയ്യാൻ മക്സിൻറെ സന്ദർശനം ടെസ്‍ലയെ സഹായിക്കും എന്നാണ് വിലയിരുത്തൽ.

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് ചൈനീസ് ഇൻ്റർനെറ്റ് സെർച്ച് കമ്പനിയായ ബൈഡു ടെസ്‌ലയുമായി കരാർ ഉണ്ടാക്കിയതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഡാറ്റ സെക്യൂരിറ്റി സംബന്ധിച്ച ആശങ്കയെ തുടർന്നാണ് രണ്ടാമത്തെ വലിയ വിപണിയായ ചെൈനയിൽ ഇത്രയും നാളായിട്ടും ഫുൾ സെൽഫ് ഡ്രൈവിങ് അവതരിപ്പിക്കാൻ ടെസ്‍ല്ക്ക് സാധിക്കാതിരുന്നത്. വിവര ശേഖരണം സംബന്ധിച്ച് ആശങ്കകളെ തുടർന്ന് ടെസ്‍ല വാഹനങ്ങൾക്ക് ചൈനീസ് മിലിട്ടറി സ്ഥാപനങ്ങളും ചില സർക്കാർ വെബ്സൈറ്റുകളും നിരോധനം ഏർപ്പെടുത്തിയിരുന്നു. 

ചെെനയിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ രാജ്യത്തു തന്നെ സൂക്ഷിക്കണമെന്ന് 2021ൽ തന്നെ ചൈനീസ് ഉദ്യോ​ഗസ്ഥർ ടെസ്‍ലയോട് വ്യക്തമാക്കിയിരുന്നു. എന്നാൽ സെൽഫ് ഡ്രൈവിങ് സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൽ ചില ചൈനീസ് ഡാറ്റ മറ്റു രാജ്യങ്ങളിലേക്കും കൊണ്ടുപോകാൻ അനുവദിക്കണമെന്നായിരുന്നു മസ്കിന്റെ നിലപാട്. ഈ വിഷയങ്ങൾ ലി ക്വിയാങ്ങുമായി ചർച്ച നടത്തി.  

ഏപ്രിൽ 28 ന് ചൈന അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ മാനുഫാക്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ടെസ്‍ല ഡാറ്റ സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിക്കും. എന്നാൽ ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിക്കും. ഷാങ്ഹായ് ​ഗിജാഫാക്ടറിയിൽ നിർമിക്കുന്ന ടെസ്‍ലാ വാഹനങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു.  

ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സന്ദർശനം റദ്ദാക്കി ദിവസങ്ങൾക്കുള്ളിലാണ് മസ്ക് ചെെനയിലേക്ക് എത്തുന്നത്. ടെസ്‍ല രാജ്യത്ത് ഇവി അസംബ്ലിങ് യൂണിറ്റ് നിർമിക്കാൻ പദ്ധതിയിടുന്നതിന്റെ ഭാ​ഗമായി മുതിർന്ന ഉദ്യോ​ഗസ്ഥരുമായും മസ്ക് കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. ടെസ്‍ല അടക്കമുള്ള വിദേശ കമ്പനികളെ സ്വീകരിക്കുന്നതിനായി കുറഞ്ഞ ഇറക്കുമതി താരിഫുകളുമായി ഇന്ത്യ അടുത്തിടെ ഒരു പുതിയ ഇവി നയം പുറത്തിറക്കിയിരുന്നു. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട തിരക്കുകൾ പറഞ്ഞാണ് മസ്ക് ഇന്ത്യൻ സന്ദർശനം റദ്ദാക്കിയത്. 

കുറഞ്ഞ ഡിമാന്റും ഉയർന്ന മൽസരവും കാരണം ആദ്യ പാദത്തിൽ ടെസ്‍ലയ്ക്ക് ചൈനയിൽ നിന്നുള്ള വിൽപ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞിരുന്നു. ആ​ഗോളതലത്തിലും ടെസ്‍ല ഈ ഇടിവ് നേരിട്ടു. നാല് വർഷത്തിനിടെ ആദ്യമായിരുന്നു ഇടിവ്. ചൈനീസ് ഇവി കമ്പനികൾ 10,000 ഡോളറിന് താഴെ വിലയുള്ള കാറുമായി വിപണി പിടിച്ചതും കുറഞ്ഞ വിലയുള്ള കാർ നിർമാണത്തിൽ നിന്ന് ടെസ്‍ല പിന്മാറിയതും കമ്പനിക്ക് തിരിച്ചടിയായിരുന്നു. തുർന്നാണ് ടെസ്‍ല കഴിഞ്ഞ വാരം ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ചത്. 

Elon Musk Who Cancel India Vist Reached China And Grab Big Deals; Backlash?

MORE IN BUSINESS
SHOW MORE