സരിതോത്സവം

SHARE

സരിതോല്‍സവം തിരിച്ചെത്തിയ വാരമായിരുന്നു കഴിഞ്ഞത്. സോളാര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി. ഒരു തട്ടിപ്പ് സംഘത്തിന്റെ സെക്രട്ടേറിയറ്റിലെ അഴി​ഞ്ഞാട്ടം എന്ന മട്ടിലാണ് ആ കേസ് അറിയപ്പെടേണ്ടത്. എങ്കിലും, സരിതാ നായരുടെ സാന്നിദ്ധ്യവും ആ സാന്നിദ്ധ്യത്തെ ചിലര്‍ മുതലെടുത്തതും വച്ചു നോക്കിയാല്‍ അത് പ്രാഥമികമായി ഒരു പെണ്ണുകേസ് എന്ന മട്ടില്‍ കാണാനാണ് മലയാളി ഇഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ കമ്മിഷന്‍റെ പ്രവര്‍ത്തനത്തെ കേരളം കണ്ടത് സ്മാര്‍ത്ത വിചാരണയുടെ അടുത്ത അധ്യായമായിട്ടായിരുന്നു. സോളാര്‍ പാനല്‍ വച്ചോ, കറന്റുണ്ടാക്കിയോ എന്നൊക്കെ അറിയാന്‍ ആര്‍ക്കാ താല്‍പര്യം? ഔദ്യോഗികാധികാരം ദുരുപയോഗം ചെയ്തെന്ന് കേട്ടാലും ഓ പിന്നേ ആരും ചെയ്യാത്തപോലെ എന്നേ സാദാ മലയാളി പറയൂ. കമ്മിഷനോട് സരിത ആരുടെയൊക്കെ പേരു പറയുന്നു എന്ന ആകാംഷക്ക് ഒരു തീരുമാനം വന്നിരിക്കുന്നു. ആദ്യമൊന്നും കമ്മിഷനോട് സഹകരിക്കാതിരുന്ന സരിത ഒടുവില്‍ ഉത്തരങ്ങള്‍ പറഞ്ഞതാണ് ഇത്തരമൊരു കണ്ടെത്തല്‍ വരാന്‍ കാരണം 

ഇങ്ങനെ രാഷ്ട്രീയ എതിരാളികളുടെ ഒരു കൂട്ടത്തെ ഒറ്റയടിക്ക് കിട്ടിയാല്‍ പിന്നെ ഒരു മുഖ്യമന്ത്രി എന്തു ചെയ്യണം. ചവിട്ടിയരച്ചു കളയണം. അത്രയേ പിണറായി ചെയ്തുള്ളു. അതൊരു ചില്ലറ പണിയായിരുന്നില്ല. ഒരു മാതിരി കാര്‍പ്പറ്റ് ബോംബിങ്. യുഡിഎഫിന്റെ ഏറ്റവും ശക്തനായ നേതാവ് ഉമ്മന്‍ ചാണ്ടി മുതല്‍ കുറേപേര്‍ക്കിട്ട് നിരത്തി പണി. തിരിച്ചൊന്നും അധികം പറയാന്‍ പറ്റില്ല. സോളാര്‍ കമ്മിഷനെ തീരുമാനിച്ചത് ഇതേ ഉമ്മന്‍ ചാണ്ടിയായിരുന്നല്ലോ. ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു കൊടുത്തതും ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭ. അപ്പോ പിന്നെ റിപ്പോര്‍ട്ട് മുഴുവന്‍ കാണിക്കണമായിരുന്നു, നിയമസഭയില്‍ ആദ്യം വക്കണമായിരുന്നു. റിപ്പോര്‍ട്ടിന്റെ ബുക്ക് ബ്രൗണ്‍ പേപ്പര്‍ വച്ച് പൊതിയണമായിരുന്നു. കുറച്ചു കൂടി വലിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്യണമായിരുന്നു എന്നൊക്കെ കുറച്ച് സാങ്കേതികത്വം പറയാം എന്നല്ലാതെ വേറൊരു രക്ഷയുമില്ല. കണ്ട തട്ടിപ്പുകാര്‍ക്കും പിടികിട്ടാപ്പുള്ളികള്‍ക്കുമൊക്കെ സ്വന്തം വീടും ആപ്പീസും തുറന്ന് മലര്‍ത്തി ഇട്ടുകൊടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ഏതായാലും പിതൃതുല്യന് നല്ല ദക്ഷിണയായിപ്പോയി സരിത കൊടുത്തത്

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.