ചങ്കുലഞ്ഞ ചാണ്ടി

SHARE

ഉമ്മന്‍ ചാണ്ടിക്കിത് വേണം. അതുപോലെയായിരുന്നു ആ ഭരണം. അല്ലെങ്കിലും അധികാരം കിട്ടാനുള്ള ആര്‍ത്തി ഒന്നുകൊണ്ടുമാത്രം ഒന്നിച്ചു നില്‍ക്കുന്ന ഒരാള്‍ക്കൂട്ടമാണല്ലോ ഈ കോണ്‍ഗ്രസ് എന്നു പറയുന്നത്. കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെയാണ്. മൊത്തം അലമ്പാക്കും. എന്തു ചോദിച്ചാലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറഞ്ഞു കൊണ്ടിരുന്നതല്ലേ. ദാ നിയമം അതിന്റെ വഴിക്ക് പോകാന്‍ പോകുകയാണ്. പിന്നാലെ വച്ചു പിടിച്ചോ. അനുഭവിച്ചോ. വേറെ വഴിയില്ല 

കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നു എന്നതുകൊണ്ടു മാത്രം ഈ കേസിലെ ദുരൂഹതകള്‍ തീരുന്നില്ല. അത് ഉടനൊന്നും തീരുമെന്നും തോന്നുന്നില്ല. കാരണം നുണ പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ഈ കേസിന്റെ രണ്ടു വശത്തും എന്നതാണ്. ആരു പറയുന്നതാണ് സത്യം എന്നൊരു ചോദ്യമേ ഈ കേസിലില്ല. ആരു പറയുന്നതിലാണ് നുണ അല്‍പമെങ്കിലും കുറവുള്ളത് എന്നേ നോക്കാനുള്ളു. നുണ പരിശോധന യന്ത്രം കൊണ്ടും രക്ഷയില്ല. സത്യം എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ യന്ത്രം കൊണ്ടു വന്നാല്‍ മതി. സരിത ഇപ്പോള്‍ പറയുന്നത് ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ്. അതിന് കേസും വരും. മുമ്പ് അങ്ങനെയാണോ എന്ന് ചോദിച്ചപ്പോള്‍ സരിത ആകെ ഇമോഷണലായി. ചോദിച്ചത് തെറ്റായോ എന്ന് നമുക്കും തോന്നിപ്പോയി 

പിതൃതുല്യന്‍ എന്ന വാക്കിന് സരിത ഉദ്ദേശിക്കുന്ന അര്‍ഥം എന്താണെന്ന് അവര്‍ക്കേ അറിയൂ. പിതാവ് പുത്രിയെ പീഡിപ്പിക്കുന്ന ചില കേസുകള്‍ കേള്‍ക്കാറുണ്ട്. അതിലെ വില്ലന്‍മാരായ പിതാക്കളെയാണോ സരിത ഉദ്ദേശിച്ചതെന്ന് അറിയില്ല. പീഡനം നടന്ന ദിവസവും സമയവുമൊക്കെ കൃത്യമായി പറഞ്ഞു തരും 

എല്ലാത്തവണ കള്ളം പറയുമ്പോഴും ഇതാണ് സത്യം എന്ന് ആവര്‍ത്തിക്കും. യുഡിഎഫുകാര്‍ക്കെതിരെ പറഞ്ഞതൊക്കെ സിപിഎമ്മുകാര്‍ കാശു തന്നിട്ടാണെന്ന് പറഞ്ഞതായിരുന്നു ഒരു സമയത്ത് ഇതേ സരിതയുടെ സത്യം 

സരിത ഇതുകൊണ്ടൊന്നും നിര്‍ത്തിയിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. ഇനിയും വരാനുണ്ടത്രേ പുതിയ വെളിപ്പെടുത്തലുകള്‍. പുതിയ കത്തുകള്‍. പുതിയ തെളിവുകള്‍. കോണ്‍ഗ്രസുകാര്‍ മൊത്തം പേടിച്ചു വിറച്ചിരിക്കുകയാണ്. സരിതയിനി ആരുടെ പേരാണ് പറയുന്നതെന്ന് സരിതക്കു പോലും അറിയില്ല. സംഘനാ തിരഞ്ഞെടുപ്പു വരെ മാറ്റിവക്കാന്‍ ചാന്‍സുണ്ട്. ഒരു തീരുമാനമുണ്ടായിട്ട് മതിയല്ലോ 

സരിതയെ തരം പോലെ വിശ്വസിക്കേണ്ടതും അവിശ്വസിക്കേണ്ടതും രാഷ്ട്രീയക്കാരുടെ ആവശ്യം. നമുക്ക് അതിന്റെ ആവശ്യമേയില്ല. ഇതൊക്കെ മൊത്തം തമാശയാകി കാണുകയേ ഇപ്പോള്‍ ചെയ്യാനുള്ളു. സരിത മാത്രമല്ല ഈ കേസില്‍ നുണ പറയുന്നത്. ഉമ്മന്‍ ചാണ്ടിയും ഒട്ടും മോശമല്ല. സരിത എന്നൊരാളെ കണ്ടിട്ടേ ഇല്ല അറിയത്തേയില്ല എന്നായിരുന്നു ഉമ്മന്‍ ചാണ്ടി ആദ്യമൊക്കെ പറഞ്ഞു കൊണ്ടിരുന്നത്. 

പിന്നെയത് , കണ്ടോ എന്ന് ഓര്‍മയില്ല എന്നായി. പിന്നെപ്പിന്നെ കണ്ടോ ഇല്ലയോ എന്ന് തിരിച്ച് നമ്മളോട് ചോദിക്കാന്‍ തുടങ്ങി. സരിത കേസില്‍ കള്ളം പറയാന്‍ തുടങ്ങിയ ശേഷം സ്വന്തം രാഷ്ട്രീയ ജീവിതത്തെപ്പറ്റിയും കള്ളം പറയാന്‍ ഒരു മടിയും ഇല്ലാതെയായി അദ്ദേഹത്തിന്. ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമാണ് വായ തുറക്കുന്നതെന്ന് മറ്റ് ചില കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കുണ്ടായിരുന്ന ചീത്തപ്പേര് ഉമ്മന്‍ ചാണ്ടി സ്വന്തമാക്കുകയും ചെയ്തു. ചാരക്കേസ് കാലത്ത് കെ കരുണാകരനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നിടം വരെയെത്തി ആ ധൈര്യം. അങ്ങനൊക്കെ പറയണമെങ്കില്‍ എങ്ങനത്തെ ധൈര്യം വേണം. ഒന്നാലോചിച്ച് നോക്ക് 

നുണ പറയല്‍ രാഷ്ട്രീയത്തിന്റെ ഒരു ഭാഗമാണെന്നതൊക്കെ സമ്മതിക്കാം. പക്ഷേ ഇങ്ങനെയും പറയാറുണ്ടോ? നുണ പറയുക മാത്രമല്ല, നുണയാണെന്ന് സകലര്‍ക്കും അറിയാവുന്ന കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കലും. അങ്ങനെയൊക്കെ പറഞ്ഞ ഉമ്മന്‍ ചാണ്ടി ഇങ്ങനെയൊക്കെ അനുഭവിക്കണം, ചുമ്മാതല്ല എല്ലാവരും പറയുന്നത്. കെ കരുണാകരന്റെ ശാപമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് 

ഉമ്മന്‍ ചാണ്ടിക്ക് വേറെ വലിയൊരു റെക്കോര്‍ഡും സ്വന്തമാക്കാന്‍ പറ്റിയിട്ടുണ്ട്. സ്വന്തം പീഡനക്കേസ് അന്വേഷിക്കാന്‍ സ്വന്തമായി ഒരു അന്വേഷണ കമ്മിഷനെ വയ്ക്കുക. എന്നിട്ട് ആ കമ്മിഷന്‍ മാനഭംഗക്കേസ് അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്യുക. അതും പിടിച്ച് കരഞ്ഞോണ്ട് നടക്കുക. എല്ലാം തുടങ്ങിയതും ചാണ്ടി. ഇപ്പോള്‍ അനുഭവിക്കുന്നതും ചാണ്ടി 

ഉമ്മന്‍ ചാണ്ടി പക്ഷേ പേടിക്കണ്ട. ഏതായാലും ഒറ്റക്കല്ലോ. കൂട്ടിന് പാര്‍ട്ടിക്കാര്‍ മൊത്തമുണ്ടല്ലോ. പിന്നെ എത്ര നാറിയ കേസായാലും സിന്ദാബാദ് വിളിക്കാന്‍ അണികളും. എന്തിനു പേടിക്കണം. ? 

ഈ കണ്ണേ കരളേ എന്ന വിളി ഒന്നു സൂക്ഷിച്ചോണേ. ആ വിളി കേട്ടവരൊക്കെ വലിയ താമസമില്ലാതെ സൈഡായ ചരിത്രമാണ് കേരളത്തില്‍

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.