യോഗിയുടെ യോഗം

SHARE

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്രക്ക് വേറൊരു മുഖം കൊടുത്തത്. പുള്ളി പണ്ടേ വര്‍ഗീയത പറയുന്നതിലും പ്രചരിപ്പിക്കുന്നതിലൊക്കെയാണ് ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് കേരളത്തെപ്പറ്റിയൊന്നും വായിച്ച് മനസിലാക്കാനോ കണ്ട് ബോധ്യപ്പെടാനോ സമയം കിട്ടിക്കാണില്ല. കേരളം യുപിയെ കണ്ട് പഠിക്കണം എന്ന ഉപദേശവുമായിട്ടാണ് യോഗിവര്യന്‍ യുപിയില്‍ നിന്ന് വണ്ടി കേറിയത്. ആശുപത്രികളില്‍ കുട്ടികള്‍ക്ക് ഓക്സിജന്‍ കൊടുക്കാതെ കൊല്ലുന്നതാണോ അതോ താജ്മഹല്‍ പോലുള്ള അല്‍ഭുതങ്ങളെ ടൂറിസം മാപ്പില്‍ നിന്ന് മായ്ച്ചു കളയുന്ന മാജിക്കാണോ കേരളം യുപിയില്‍ നിന്ന് പഠിക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കില്‍ നന്നായിരുന്നു. യുപിയില്‍ നിന്ന് കേരളത്തിന് പഠിക്കാന്‍ ഹിന്ദി മാത്രമേ നമ്മളു നോക്കിയിട്ട് കാണുന്നുള്ളു. യോഗി വന്നതോടെ പിണറായി വിജയന്‍ ഹാപ്പിയായി. കണക്കും കാര്യവുമൊക്കെയായി ഡബിള്‍ ചങ്കന്‍ കേറിയങ്ങ് മേഞ്ഞു 

സത്യത്തില്‍ പിണറായിക്ക് ഇതുപോലെ ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്തായിരുന്നേനെ സീന്‍. ആ ബ്രണ്ണന്‍ കോളേജില്‍ കത്തിമുനകള്‍ക്കിടയിലൂടെ സ്ലോ മോഷനില്‍ നടന്നതും തൂക്കു മരങ്ങളില്‍ ഊഞ്ഞാലാടിയതും സെന്‍ട്രല്‍ ജയിലില്‍ സാറ്റു കളിച്ചതുമൊക്കെ നല്ല പെടക്കണ ഇംഗ്ലീഷിലടിച്ചിരുന്നെങ്കിലുണ്ടല്ലോ പൊളിച്ചേനെ. പിണറായിയുടെ ഇത്തവണത്തെ തന്ത്രം ഏതായാലും കലക്കി. സിപിഎമ്മിനു നേരെ വന്ന വിമര്‍ശനത്തെ അദ്ദേഹം നൈസായി കേരളത്തിനെതിരായ ആക്രമണമാക്കി. പിന്നെന്തായിരുന്നു കഥ? ഉമ്മന്‍ ചാണ്ടി ഒപ്പം നില്‍ക്കുന്നു, വി ടി ബല്‍റാം പിണറായിയുടെ പോസ്റ്റ് തര്‍ജമ ചെയ്യുന്നു, ശശി തരൂര്‍ റീ ട്വീറ്റ് ചെയ്യുന്നു. ആകെ ബഹളം. സൂക്ഷ്മമായി പഠിച്ചാല്‍ ഒരു കാര്യം പിടികിട്ടും. ‍ ബിജെപി ദേശീയ തലത്തില്‍ ചെയ്ത നമ്പര്‍ തിരിച്ചിടുകയാണ് പിണറായി ചെയ്തത്. ബിജെപിയെ വിമര്‍ശിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കുന്ന പരിപാടിയില്ലേ. അതുപോലെ സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ അത് കേരളത്തിനെതിരായ ആക്രമണമാക്കിയങ്ങ് മാറ്റി. അത് ഹിറ്റാകാന്‍ കാരണം കേരളത്തെ കേരളീയര്‍ കാണുന്ന ഒരു കാഴ്ചയുണ്ടല്ലോ. അതാണ്. കേരളം എന്തൊക്കെ പറഞ്ഞാലും നമുക്ക് മനോഹമരമാണ് 

കേരളത്തില്‍ ആവറേജ് വെറും 15 ശതമാനം വോട്ടുമാത്രമുള്ള ബിജെപിയെ വിമര്‍ശിക്കാനാണെങ്കിലും ഇത്രയും ഇടം കൊടുക്കണമായിരുന്നോ പിണറായി എന്ന് സംശയിക്കാം. ഇത് ബിജെപിയെ പേടിപ്പിക്കാന്‍ മാത്രമുള്ളതല്ല. ബിജെപിയെ കാണിച്ച് ന്യൂനപക്ഷങ്ങളെ പേടിപ്പിക്കാന്‍ കൂടിയാണ്. പേടിച്ച് പേടിച്ച് മുസ്ലിം ലീഗൊക്കെ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം പോരില്ലെന്നാരു കണ്ടു. ഏതായാലും പിണറായി കൊടുത്ത പണിയില്‍ ബിജെപി വീണു പോയി. 

ബിജെപി ചെയ്ത മണ്ടത്തരമെന്താണെന്ന് വച്ചാല്‍ കേരളത്തിനെപ്പറ്റി അന്തവും കുന്തവും അറിയാത്ത യോഗിയെപ്പോലുള്ളവരെ എഴുന്നെള്ളിച്ചതാണ്. നമ്മള്‍ കാണുന്ന കേരളമല്ല യോഗി കാണുന്നത്. അഥവാ വടക്കുള്ള ബിജെപിക്കാര്‍ കാണുന്നത്. നമ്മള്‍ കാണാത്ത വേറേതോ കേരളമാണ്. 

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.