കോമഡി രക്ഷായാത്ര

SHARE

ജനരക്ഷാ മാര്‍ച്ച് അതാണ് ബിജെപി നടത്തുന്ന യാത്രയുടെ പേര്. കേരളത്തില്‍ ഭരണം കിട്ടിയിട്ട് കേരളീയരെ രക്ഷിക്കാമെന്ന് പ്രതീക്ഷയൊന്നുമില്ലാത്ത കൊണ്ടാകാം മാര്‍ച്ച് നടത്തി രക്ഷിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത ഒരു മാര്‍ച്ച്. അതായിരുന്നു സ്വപ്നം. ഒരു മാസം മുന്‍പേ പ്ലാനിട്ടതാണ്. അന്ന് പിന്നെ മെഡിക്കല്‍ കോഴ വിവാദവും റിപ്പോര്‍ട്ട് ചോര്‍ത്തലുമൊക്കെയായി നേതാക്കള്‍ ആകെ ബിസിയായിപ്പോയി. അങ്ങനെയാണ് പരിപാടി ഇപ്പോഴായത്. ഈ മാര്‍ച്ചിന്റെ മുഖ്യ ആകര്‍ഷണം ബിജെപി പ്രസിഡന്റ് അമിത് ഷാ ആകണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. അമിത് ഷായെ മലയാളികള്‍ പേരല്‍പ്പം മാറ്റിയാണ് വിളിക്കുന്നത്. നമ്മളീ മാത്യുവിനെ മത്തായിയും ജോസഫിനെ ഔസേപ്പുമൊക്കെ ആക്കിയപോലെ അമിത് ഷായെ അമിട്ട് ഷാജി എന്ന് സ്നേഹത്തോടെ വിളിക്കും. ഇതില്‍ അമിതിനെ അമിട്ടാക്കുന്ന പണിയേ ശരിക്ക് മലയാളികള്‍ ചെയ്തുള്ളു. ബഹുമാനപുരസരം ബിജെപിക്കാര്‍ തന്നെ ഷായ്ക്കൊപ്പം ചേര്‍ത്ത ജിയാണ് അദ്ദേഹത്തെ ഷാജിയാക്കിയത്. അങ്ങനെ ഷാജിയണ്ണന്റെ വരവ് കാത്തിരിക്കുയായിരുന്നു കേരളം 

അതായിരുന്നു ഹൈലൈറ്റ്. കേരളത്തിന്റെ അതും കണ്ണൂരിന്റെ ഇടവഴികളിലൂടെ ഷാജി ഭായി ആ വലിയ ശരീരവും താങ്ങി നടക്കുക. അത്് അണികള്‍ക്ക് കൊടുക്കുന്ന ഊര്‍ജം ചെറുതൊന്നുമാവില്ല. സത്യത്തില്‍ സിംഹത്തെ അതിന്റെ മടയില്‍ പോയി ആക്രമിക്കുക എന്ന നാടന്‍ സിദ്ധാന്തത്തെ പ്രയോഗത്തില്‍ വരുത്തുകയാണ് ബിജെപി ചെയ്തത്. മുഖ്യമന്ത്രി പിണറായിയുടെ നാടാണല്ലോ കണ്ണൂര്‍.അതുകൊണ്ടവിടുന്ന് തുടക്കമാക്കി. അല്ലെങ്കില്‍ സാധാരണ കാസര്‍കോട്ടു നിന്നാണല്ലോ യാത്രകള്‍ തുടങ്ങേണ്ടത്. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോളായിരുന്നു ഷാജിയും ടീമും യാത്ര നടത്താന്‍ ആലോചിച്ചതെങ്കില്‍ അത് ആലപ്പുഴയില്‍ നിന്നായേനേ. ആലപ്പുഴയായ കൊണ്ട് ചിലപ്പോള്‍ ഷാജി റോഡിലൂടെ മാത്രമല്ല വെള്ളത്തിലൂടെയും നടന്നേനെ. അത് പോട്ടെ, കുമ്മനത്തിന്‍റെ അഭ്യര്‍ഥന കേട്ട് അങ്ങനെ മലയാളികളെ രക്ഷിക്കാന്‍ ഷാജി കണ്ണൂരിലെത്തി 

മറ്റെല്ലാ ജില്ലകളിലും വാഹനയാത്ര. കണ്ണൂരില്‍ മാത്രം പദയാത്ര. മുഖ്യമന്ത്രിയുടെ ജന്‍മദേശം വഴി ശക്തി പ്രകടനം. രാജ്യത്തെ സകല ബിജെപി നേതാക്കളെയും അണിനിരത്തല്‍. മൊത്തത്തില്‍ പ്രകോപനമുണ്ടാക്കലാണ് ലക്ഷ്യമെന്ന് ആദ്യമേ വ്യക്തമായിരുന്നു. സാധാരണ ഒരു പാര്‍ട്ടിയുടെ തട്ടകത്തില്‍ മറ്റൊരു പാര്‍ട്ടി ഒരു പരിപാടി വച്ചാല്‍ അവര്‍ തിരിച്ചും അത് ചെയ്യും. മുമ്പ് 2005ല്‍ സിപിഎം സംസ്ഥാന സമ്മേളനം മലപ്പുറത്തു വച്ചപ്പോള്‍ ലീഗുകാര്‍ അതിനു മറുപടിയായി അവരുടെ സമ്മേളനം കണ്ണൂരില്‍ വച്ച് നടത്തി. 18ാം സംസ്ഥാന സമ്മേളനമായതു കൊണ്ട് സിപിഎമ്മുകാര്‍ മലപ്പുറത്ത് 18 വലിയ ചെങ്കൊടികള്‍ കെട്ടിയിരുന്നു. ലീഗുകാര്‍ കാര്യം മനസിലാക്കാതെ കണ്ണൂരില്‍ 19 പച്ചക്കൊടി കെട്ടി പ്രതികാരം ചെയ്തെന്നാണ് കഥ. ഇവിടെ ഏതായാലും കേരളത്തില്‍ അമിത് ഷാ യാത്ര നടത്തിയെന്നു വച്ച് സിപിഎം ഷായുടെ നാടായ ഗുജറാത്തില്‍ പോയി മറുപടി യാത്രയൊന്നും നടത്തില്ല. അത്തരം ചീപ്പ് നമ്പരിഷ്ടമല്ലാത്ത കൊണ്ടല്ല, അവിടെങ്ങും ഒരു കുഞ്ഞു പോലും ഇല്ലാത്ത കൊണ്ടാണ് 

ഇങ്ങനെ ഈ വര്‍ധിച്ച ധൈര്യത്തില്‍ കുമ്മനം ആന്‍റ് കമ്പനി നില്‍ക്കുമ്പൊഴാണ് അത് സംഭവിച്ചത്. അമിട്ട് ഷാജി പെട്ടെന്നങ്ങ് പിന്‍മാറി. പ്രധാനമന്ത്രി അടിയന്തരമായി വിളിപ്പിച്ചു പോലും. എന്ത് അടിയന്തരം? കേരള ജനതയെ ചുവപ്പ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും രക്ഷിക്കുന്നതിലും വലിയ എന്തത്യാവശ്യമാണ് ഷാജിക്ക് ഡല്‍ഹിയില്‍. മുഖ്യമന്ത്രിയുടെ സ്വന്തം നാടും കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലേബര്‍ റൂമുമായ പിണറായി വഴി യാത്ര നടത്താനുള്ള സുവര്‍ണാവസം പാഴാക്കിയിട്ട് എന്ത് ആനക്കാര്യമാണ് അമിട്ടിന് രാജ്യതലസ്ഥാനത്ത്.? മോദി സര്‍ക്കാര്‍ വന്ന ശേഷം മകന്‍ ജയ് അമിത് ഷായുടെ സ്വത്ത് 16,000 ഇരട്ടിയായി കൂടിയെന്നു കേട്ടു. അതിന്റെ കണക്കു പരിശോധിക്കാനോ മറ്റോ പോയതാണോ എന്നറിയില്ല. ഏതായാലും , കഷ്ടമായിപ്പോയി ഷാജിയേട്ടാ. കഷ്ടമായിപ്പോയി 

അമിത് ഷാ മടങ്ങിപ്പോയത് കേരളത്തിന് പുതിയൊരു വാക്ക് സംഭാവന ചെയ്തിട്ടാണ്. അമിട്ടടിക്കു. എന്നുവച്ചാല്‍ വലിയ ആവേശമൊക്കെ കാണിച്ചു വന്നിട്ട് ഇടക്കു വച്ച് മുങ്ങുക എന്നര്‍ഥം. മലയാള വാക്കുകള്‍ ഉണ്ടാക്കിത്തരാന്‍ മറുനാട്ടുകാര്‍ക്കും പറ്റും എന്ന് മനസിലായില്ലേ. മലയാളത്തിനൊരു നിഘണ്ടു ഉണ്ടാക്കിത്തന്നതേ ജര്‍മന്‍ കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സായിപ്പാണ്. അമിത് ഷാ ഒരു വാക്ക് അതിലേക്ക് ഇട്ടു എന്നേയുള്ളു. പക്ഷേ സംഗതി ഇറങ്ങിയ ഉടന്‍ ഹിറ്റായി. കമിതാക്കളില്‍ ഒരാള്‍ മറ്റേയാളെ ഒഴിവാക്കിപ്പോകുന്നതിന് തേക്കുക്ക എന്നാണല്ലോ അടുത്ത കാലം വരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് അമിട്ടടിക്കുക എന്നാക്കിയിട്ടുണ്ട്. അമിത് ·ഷാ കുമ്മനത്തോട് ചെയ്തത് , എനിക്ക് നിന്നോട് ചെയ്യണം എന്നാണ് അതിനെ അവര്‍ റൊമാന്‍റിക്കായി അവതരിപ്പിക്കുന്നത് 

അമിത് ഷാ അങ്ങനെ പേടിച്ച് പോയതാകാനൊന്നും സാധ്യതയില്ല. പുള്ളിക്ക് മനുഷ്യര്‍ക്ക് വേണ്ട മറ്റു പല കാര്യങ്ങളും കുറവാണെങ്കിലും ധൈര്യത്തിന് കുറവൊന്നുമില്ല. ആളു കുറവായതുകൊണ്ടുമാകാനിടയില്ല. ഷാക്കു മുന്നില്‍ ഇനി കശ്മീരില്‍ നിന്ന് ലോറിക്കാളെ ഇറക്കിയിട്ടായാലും കുമ്മനം പിടിച്ചു നില്‍ക്കും. ഇല്ലെങ്കില്‍ കുമ്മനം കേരളം വിട്ടു പോകേണ്ടി വന്നേനെ. ഷാജിയല്ല. ഇത് സംഗതി ശാരീരിക ബുദ്ധിമുട്ടാകാനാണ് സാധ്യത. വയ്യാതിരിക്കുമ്പോള്‍ കയ്യാല കേറാന്‍ നിന്നാല്‍ ഇങ്ങനിരിക്കും 

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.