'മോദിയുടെ മണ്ടത്തരങ്ങൾ'

vayil-thonniyath-modi
SHARE

വായില്‍ തോന്നിയത് പറയുന്നത് അത്ര മോശം കാര്യമൊന്നുമല്ല. രാജ്യത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയും വരെ പത്തു നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനങ്ങളെ ബാധിക്കുന്ന സീരിയസ് കാര്യങ്ങള്‍ പോലും പറയുന്നത് വായില്‍ തോന്നിയത് പറയും പോലെയാണ്. കഴിഞ്ഞ ആഴ്ച ബിജെപിയുടെ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ തന്നെ പറഞ്ഞു പോയി , മോദിയും ടീമും കാണിക്കുന്നത് മണ്ടത്തരങ്ങളാണെന്ന്. എങ്ങനെ പറയാതിരിക്കും. മൂന്ന് കൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 5.7 ശതമാനത്തിലാണ് രാജ്യമിപ്പോള്‍. സിന്‍ഹാ സാര്‍ പറയുന്നത് ജിഡിപി അളക്കുന്നതിന്റെ അടിസ്ഥാന വര്‍ഷം മാറ്റിയില്ലായിരുന്നെങ്കില്‍ വെറും 3.7 ശതമാനത്തില്‍ വളര്‍ച്ച നിന്നിരുന്നേനെ എന്നാണ്. മോദിയുടെയും ജയ്റ്റ്ലിയുടെയും ധനനയം കണ്ടാല്‍ രാജ്യത്ത് മണ്ടത്തരം ചെയ്യാനാണ് ഞങ്ങളെ ജനങ്ങള്‍ അധികാരമേല്‍പ്പിച്ചിരിക്കുന്നത് എന്ന മട്ടിലാണ്. കഴിഞ്ഞ നവംബര്‍ 8നു തുടങ്ങിയ സാമ്പത്തിക മേഖലയിലെ അറ്റകുറ്റപ്പണിയെക്കുറിച്ചാണ് സിന്‍ഹ പറഞ്ഞത്.

ഈ നോട്ടു നിരോധനമൊക്കെ അരുണ്‍ ജയ്റ്റി പോലും പത്രം വായിച്ചാണറിഞ്ഞതെന്ന് സിന്‍ഹക്ക് അറിയാത്തതു കൊണ്ടല്ല. മോദിയുടെ തീരുമാനങ്ങളാണിതെന്ന് എല്ലാ കൊച്ചുകുട്ടിക്കും അറിയാം. പക്ഷേ , നേരിട്ട് കേറി മോദിയെ ആക്രമിക്കാന്‍ ഉള്ള ധൈര്യം പോര. മാത്രമല്ല, മുമ്പ് സിന്‍ഹ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ യു ടി ഐ ക്രമക്കേട് മൂപ്പിച്ച് വൃത്തികേടാക്കിയത് ഈ ജയ്റ്റ്ലി ആയിരുന്നു. അതുകൊണ്ടാണ് ജയ്റ്റ്ലിക്കിട്ടടിക്കുന്നത്. പക്ഷേ പ്രതി മോദി തന്നെയാണ്. സാമ്പത്തിക വളര്‍ച്ച കുറയുമ്പോള്‍ സ്വാഭാവികമായും തൊഴിലവസരങ്ങള്‍ കുറയും. അല്ലെങ്കില്‍ തന്നെ തൊഴിലുണ്ടാക്കാത്ത വളര്‍ച്ചയാണ് നമുക്കുള്ളത്. മോദ നല്‍കിയിരുന്ന വാഗ്ദാനം അഞ്ചു കൊല്ലം കൊണ്ട് ഒരു കോടി തൊഴില്‍ എന്നായിരുന്നു. ഇപ്പത്തന്നെ 3 കൊല്ലം കഴിഞ്ഞു. 60 ലക്ഷം തൊഴിലുണ്ടാവേണ്ടതാണ്. ഉണ്ടായോ. എവിടെ? 

ഇവിടെയാണ് മോദിയുടെ സൂത്രപ്പണി വര്‍ക്ക് ചെയ്യുന്നത്. നോട്ട് നിരോധനം പ്രഖ്യാപിക്കാനു ജി എസ് ടിയുടെ വീമ്പ് പറയാനുമൊക്കെ മോദി നേരിട്ട് വരും. പക്ഷേ പണി പാളിയെന്ന് കണ്ടാല്‍ അത് വേറെ വല്ലവന്റെയു തലയിലിരിക്കും. ജയ്റ്റ്ലിക്കാണ് ഇപ്പോള്‍ ആ ഭാഗ്യമുള്ളത്. വിലകയറിയതിന്റെയും തൊഴില്‍ കിട്ടാത്തതിന്റെയുമൊക്കെ പരാതിയുള്ളവര്‍ ജയ്റ്റ്ലിയുടെ അടുത്തോട്ട് ചെന്നാല്‍ മതി. മോദിയെ കാണാന്‍ ഭക്തര്‍ക്ക് മാത്രമേ പ്രവേശനമുള്ളു 

മോദി ആന്‍റ് കമ്പനി ചെയ്യുന്ന തോന്ന്യവാസങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുളള ന്യായീകരണത്തൊഴിലാളി സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് കുമ്മനംജി. അക്രമ രാഷ്ട്ര്ീയം , മതംമാറ്റം , ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് അത്യാവശ്യം തരികിടപ്പണിയൊക്കെ അദ്ദേഹം ചെയ്യുന്നുണ്ട്. പക്ഷേ അതില്‍ പോലും ഒരു നിലവാരമില്ലെന്ന് വന്നാല്‍ എന്തു ചെയ്യും. ഹാദിയ എന്ന അഖില, അതോ അഖില എന്ന ഹാദിയയോ. ആ ഏതായാലും ആ പെങ്കൊച്ചിന്റെ കാര്യത്തില്‍ കുമ്മനം കഴിഞ്ഞ ദിവസം ഒരു വര്‍ത്താനം പറഞ്ഞു. ബ്രിന്ദാ കാരാട്ടിന്‍റെ പ്രസ്താവനയെപ്പറ്റി കേട്ടാല്‍ തോന്നും കുമ്മനത്തിന്റെ വീടു നിറയെ കുട്ടികളാണെന്ന്. അതുകൊണ്ടാണ് കുട്ടികളില്ലാത്തവര്‍ക്ക് രക്ഷിതാക്കളുടെ ദുഖം അറിയാന്‍ പറ്റാത്തത് എന്ന് അദ്ദേഹം പറയാന്‍ കാരണമെന്ന്. 

കുമ്മനം വിവാഹം കഴിച്ചിട്ടില്ല. കുമ്മനത്തിന്റെ നേതാവ് മോദി വിവാഹം കഴിച്ചിട്ട് വേണ്ടെന്നു വച്ചു. സ്വയം സേവകരുടെ നേതാക്കളില്‍ പലരും അങ്ങനെയാണ്. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍. അതുപോലെയാണ് ബൃന്ദയുടെ കാര്യവും. അത് ബഹുമാനിക്കാനുള്ള ആളു താമസം സംസ്ഥാന ബിജെപി അധ്യക്ഷന്റെ തലക്കുണ്ടാവേണ്ടതാണ്. അല്ലാതെ കടവരാന്തയിലിരുന്ന് നുണയും ദോഷവും പറയുന്ന ചില തറകളെപ്പോലെ ബിജെപി നേതാവ് അധപതിക്കരുത്.

കുമ്മനത്തിന്റെ മാനദണ്ഡമനുസരിച്ച് വിവാഹം കഴിക്കാത്തവരും കുട്ടികളില്ലാത്തവരും കുടുംബ സംബന്ധിയായ കാര്യങ്ങളില്‍ മിണ്ടരുത് എന്നൊരു നിയമുണ്ടാക്കി ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നടപ്പാക്കണം. അല്ലെങ്കില്‍ വിവാഹം കഴിക്കാതെയും പിതൃദുഖം മനസിലാക്കാന്‍ കുമ്മനത്തിനെങ്ങനെ കഴിഞ്ഞു എന്ന ആ രഹസ്യം ഒന്നു പുറത്തു വിടണം. കാരണം കുമ്മനം തന്നെ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്, ആ ദുഖം മനസിലാകുന്നുണ്ടെങ്കില്‍ വിവാഹം ചെയ്യാതെ തന്നെ കുട്ടികളുണ്ടായിരിക്കണമല്ലോ. ഇത്തരം ടീമുകളെ സത്യത്തില്‍ രാഷ്ട്രീയമായൊന്നും പഠിപ്പിക്കാനേ പറ്റില്ല. അവര്‍ക്കുള്ള മരുന്ന് വേറെയാണ്.

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.